കോട്ടയം: രണ്ടു ദിവസംകൂടി മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെ ആശങ്കയിലാക്കി. കഴിഞ്ഞ ഞായറാഴ്ച മുതലാണ് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ തുടങ്ങിയത്. ഇന്ന് ആറു ദിവസമായിട്ടും വെള്ളം വരവിന് കുറവില്ല.
ആറ്റിലും തോടുകളിലും ഇന്നലത്തേതിലും ജലനിരപ്പ് വർധിച്ചിട്ടുണ്ട്. ആറു ദിവസമായി തുടരുന്ന ദുരിത പെയ്ത്തിന് അവസാനമില്ലാതെ തുടരുകയാണ്. അതായത് ആറു ദിവസമായി ആയിരക്കണക്കിന് ആളുകൾ വെള്ളത്തിലാണ്. ഇനിയും ജലനിരപ്പ് ഉയർന്നാൽ ദുരിതാശ്വാസ ക്യാന്പുകൾ തുറക്കേണ്ടി വരുമെന്നാണ് സൂചന. ഇടവിട്ട് മഴ പെയ്യുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം. മീനച്ചിലാറും കൊടൂരാറും മണിമലയാറും കര കവിഞ്ഞൊഴുകുകയാണ്.
അപ്പർ കുട്ടനാടൻ പ്രദേശങ്ങളിൽ വ്യാപക കൃഷി നാശവുമുണ്ടായിട്ടുണ്ട്. ഇന്നലെ രാത്രിയിൽ ശക്തമായ മഴയൊടൊപ്പം താഴത്തങ്ങാടി ഭാഗത്തുണ്ടായ കാറ്റിൽ പുളിമരം വീണ് കാർ ഷെഡിന് ഭാഗികമായ തകർച്ചയുണ്ടായി. വാധ്യാർമഠം ബാബു ലൂക്കോസിന്റെ ഷെഡാണ് മരം വീണ് തകർന്നത്. രാത്രി എട്ടേകാലോടെ ഒന്നോ രണ്ടോ മിനിട്ട് നീണ്ടു നിന്ന കാറ്റാണ് മരം പിഴുതെറിഞ്ഞത്. സമീപ പ്രദേശങ്ങളിൽ നിന്ന് ഒരു നാശനഷ്ടവും റിപ്പോർട്ട് ചെയ്തിട്ടില്ല.