കോട്ടയം: കാലവർഷം ശമനമില്ലാതെ തുടരുന്നത് താഴ്ന്ന പ്രദേശങ്ങളിൽ വീണ്ടും ജലനിരപ്പ് ഉയരാൻ കാരണമായി. ഇന്ന് രാവിലെയും മഴ തുടരുകയാണ്. കിഴക്കു നിന്നുള്ള വെള്ളത്തിന്റെ വരവ് കുറഞ്ഞിട്ടില്ല. അതിനാൽ കോട്ടയം ടൗണിലെ അടക്കം പടിഞ്ഞാറൻ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. കാരാപ്പുഴ, തിരുവാർപ്പ്, പതിനാറിൽചിറ പ്രദേശങ്ങളിൽ ആയിരക്കണക്കിന് വീടുകൾ വെള്ളത്തിലാണ്.
ഭൂരിപക്ഷം ആളുകളും വീട് വിട്ട് ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറാതെ വീടിനുള്ളിൽ തന്നെ കഴിയുകയാണ്. വീട്ടുപകരണങ്ങളും വളർത്തു മൃഗങ്ങളുമൊക്കെയുള്ളവരാണ് വെള്ളത്തിൽ തന്നെ തുടരുന്നത്. തിങ്കളാഴ്ചയാണ് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത്. ഇപ്പോഴും അതേ പടി വെള്ളം കിടക്കുകയാണ്.
താഴന്ന പ്രദേശങ്ങളിലെ റോഡുകളെല്ലാം വെള്ളത്തിലായതോടെ ഗതാഗതം സ്തംഭിച്ചു.ഇന്നു വെള്ളം ഇറങ്ങുമെന്നു കരുതിയെങ്കിലും രാവിലെ മുതൽ മഴ ആരംഭിച്ചതോടെ ഇനിയും ജലനിരപ്പ് ഉയർന്നേക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
ദുരിതാശ്വാസ ക്യാന്പുകളുടെ എണ്ണം 17 ആയി
കോട്ടയം: കാലവർഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവരെ മാറ്റി പാർപ്പിക്കുന്നതിന് ജില്ലയിൽ ഇന്നലെ രണ്ടു ക്യാന്പുകൾ കൂടി തുറന്നു. ഇതോടെ ദുരിതാശ്വാസ ക്യാന്പുകളുടെ എണ്ണം 17 ആയി. ആകെ 328 പേരാണ് ക്യാന്പുകളിൽ കഴിയുന്നത്.
ആർപ്പൂക്കര കരിപ്പൂത്തട്ട് ഗവണ്മെന്റ് ഹൈസ്കൂൾ, മണർകാട് തൂത്തൂട്ടി സെന്റ് മേരീസ് സണ്ഡേസ്കൂൾ കെട്ടിടം എന്നിവിടങ്ങളിലാണ് ഇന്നലെ രണ്ടു ക്യാന്പുകൾ ആരംഭിച്ചത്. കരിപ്പൂത്തട്ടിൽ ഒരു കുടുംബവും തൂത്തൂട്ടിയിൽ 13 കുടുംബങ്ങളിലായി 53 പേരും താമസിക്കുന്നു.
കുമരംകുന്ന് സിഎംഎസ് എൽപി സ്കൂളിൽ 15 പേരും ഞാറയ്ക്കൽ സെന്റ് മേരീസ് എൽപി സ്കൂളിൽ 12 പേരും വേളൂർ സെന്റ് ജോണ്സ് യുപി സ്കൂളിൽ 114 പേരും നാഗന്പടം ക്ഷേത്രത്തിന്റെ ഉൗട്ടുപുരയിൽ 10 പേരും സംക്രാന്തി എസ്എൻഡിപി എൽപി സ്കൂളിൽ നാലു പേരും ഇല്ലിക്കൽ എസ്സി, എസ്ടി ട്രെയിനിംഗ് സെന്ററിൽ 35 പേരും ഉൾപ്പെടെ നിലവിൽ 271 പേരാണ് ക്യാന്പുകളിൽ കഴിയുന്നത്.
കൈപ്പുഴ എസ്കെവി എൽപി സ്കൂൾ, പാറന്പുഴ പിഎച്ച് സെന്റർ, പുന്നത്തറ സെന്റ് ജോസഫ് ഹൈസ്ക്കൂൾ, മടപ്പാട്ട് ശിശു വിഹാർ, മണർകാട് സാംസ്ക്കാരിക നിലയം, മണർകാട് ഗവ. എൽപി സ്കൂൾ, പെരുന്പായിക്കാട് സെന്റ് ജോർജ് പളളി ഹാൾ, ചാലുകുന്ന് സിഎൻഐ എൽപിഎസ് എന്നിവിടങ്ങളിലാണ് മറ്റു ക്യാന്പുകൾ.