സി.സി.സോമൻ
കോട്ടയം: വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിച്ചവരുടെ എണ്ണം കോട്ടയം ജില്ലയിൽ 86,000 കടന്നു. കണക്കെടുപ്പ് പൂർത്തിയാകുന്പോൾ എണ്ണം ഇനിയും വർധിക്കും. സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപയുടെ സഹായം നല്കുന്നതിന് ബിഎൽഒമാർ നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ കണക്കാണിത്. ഇപ്പോഴും കണക്കെടുപ്പ് പൂർത്തിയായിട്ടില്ല.
ജില്ലയിലെ ദുരിതാശ്വാസ ക്യന്പുകളിൽ കഴിഞ്ഞത് 44,000 കുടുംബങ്ങളാണ്. അതിന്റെ ഇരട്ടിയിലധികം പേർ ദുരിതം അനുഭവിച്ചു എന്നാണ് വ്യക്തമാവുന്നത്. രണ്ടുദിവസം വീടുകളിൽ വെള്ളം കയറികിടന്നിട്ടുണ്ടെങ്കിൽ സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപയ്ക്ക് അർഹരാണ്. ഇത്തരം വീടുകളെക്കുറിച്ചാണ് ബിഎൽഒമാർ അന്വേഷിച്ച് റിപ്പോർട്ട് നല്കിയിട്ടുള്ളത്.
സഹായ ധനം ലഭിക്കേണ്ടവരുടെ എണ്ണം വർധിച്ചാലും മുഴുവൻ പേർക്കും വിതരണം ചെയ്യാനുള്ള ഫണ്ട് കോട്ടയം ജില്ലയ്ക്ക് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ആദ്യം 24.85 കോടിയാണ് ലഭിച്ചത്. പിന്നീട് 28.92 കോടി കിട്ടി. ഇതുതന്നെ ആകെ 54 കോടിയോളം വരും.
ഇതിനു പുറമെ കേന്ദ്ര സർക്കാരിന്റെ 17 കോടികൂടി ലഭിച്ചു. ഇനി 17 കോടി ചോദിച്ചിട്ടുണ്ട്. അതുകൂടി കിട്ടിയാൽ കോട്ടയം ജില്ലയിലെ സഹായ ധന വിതരണത്തിന് മതിയായ ഫണ്ടാകും എന്നാണ് റവന്യു ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
അതേ സമയം സർക്കാർ നിർദേശ പ്രകാരം ഏഴാം തീയതിക്കകം മുഴുവൻ പേർക്കും പതിനായിരം രൂപയുടെ സഹായ ധന വിതരണം പൂർത്തിയാക്കാനാവില്ല.
ഒരു മാസം കൊണ്ടേ മുഴുവൻ ആളുകൾക്കും വിതരണം ചെയ്യാനാവു എന്നാണ് അറിയാൻ കഴിഞ്ഞത്. പലരുടെയും ബാങ്ക് അക്കൗണ്ടുകളും മറ്റും വ്യക്തമല്ല. ചിലത് അപൂർണമാണ്. അൻപതും നൂറും പേരുടെ അക്കൗണ്ടുകളിലേക്ക് തുക അപ്്ലോഡ് ചെയ്യുന്പോൾ ഒന്നോ രണ്ടോ പേരുടെ അക്കൗണ്ട് വിവരങ്ങൾ തെറ്റാണെങ്കിൽ തെറ്റായ അക്കൗണ്ടുകൾ നീക്കം ചെയ്ത് രണ്ടാമത് ചെയ്യേണ്ടി വരും.
ഇതുപോലുള്ള പിശകുകൾ കാരണം തുക അപ്്ലോഡ് ചെയ്യുന്നതിൽ കാലതാമസമുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. ജൂണ് മാസം മുതൽ അവധി പോലുമില്ലാതെ ജോലി ചെയ്യുന്ന റവന്യു വിഭാഗം ജീവനക്കാർ ഇപ്പോഴും തിരക്കിലാണ്. ഈ വർഷം മൂന്നു വെള്ളപ്പൊക്കമാണ് കോട്ടയം ജില്ല നേരിടേണ്ടി വന്നത്.