കോട്ടയം: ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ മഴയും വെള്ളപ്പൊക്കവും തുടരുന്നത് ജനങ്ങളെ വലയ്ക്കുന്നു. മഴയുടെ ശക്തി കുറഞ്ഞെങ്കിലും ചിലയിടങ്ങളിൽ നല്ല മഴയാണ് പെയ്യുന്നത്. റോഡുകളിൽ കയറിയ വെള്ളം ഇറങ്ങിപ്പോകാത്തത് പലയിടത്തും ഗതാഗതം തടസപ്പെടുത്തുന്നു.
ചാലുകുന്നിന് സമീപം സിഎൻഐ-കൊച്ചാന റോഡിൽ നാലു ദിവസമായി വെള്ളം കയറിക്കിടക്കുകയാണ്. നിരവധി വീടുകളിലും വെള്ളം കയറി. റോഡിലെ വെള്ളം ഒഴുകി പോകാൻ വൈകുന്നത് ഗതാഗതത്തെ ബാധിച്ചു. അറുത്തൂട്ടി കവല, പഴയ സെമിനാരി എന്നിവിടങ്ങളിലേക്ക് പോകേണ്ടവരാണ് കുടുങ്ങിയത്.
പുതുപ്പള്ളി-പനച്ചിക്കാട് റോഡിൽ പാടത്തിനു നടിവിലൂടെയുള്ള റോഡിൽ വെള്ളം കയറി. ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ചെറു വാഹനങ്ങൾക്ക് പോകാൻ കഴിയുന്നില്ല. റോഡിലുടെ പോകാൻ ശ്രമിച്ച ഇരുചക്ര വാഹനങ്ങളിൽ വെള്ളം കയറി എൻജിൻ നിന്നു പോകുകന്നത് പതിവ് കാഴ്ചയാണ്. പടിഞ്ഞാറൻ പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്.
മീനച്ചിലാർ, കൊടൂരാർ എന്നിവയുടെ തീരത്ത് താമസിക്കുന്നവരുടെ വീടുകൾ വെള്ളത്തിൽ തന്നെയാണ്. കയറിയ വെള്ളം ഒഴുകി പോകാൻ വൈകുന്നതാണ് ജനജീവിതം താറുമാറാക്കുന്നത്. ആർപ്പൂക്കര, അയ്മനം, പഞ്ചായത്തുകളുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ടു. ഇക്കുറിയുണ്ടായ കനത്ത മഴയിൽ വൻ തോതിൽ കൃഷി നാശവുമുണ്ടായിട്ടുണ്ട്. നെൽകൃഷി പലയിടത്തും വെള്ളത്തിലായി.