ചെങ്ങന്നൂർ: സർക്കാരും കൃഷിഭവനും കയ്യൊഴിഞ്ഞതോടെ കർഷകർ കൃഷി ഉപേക്ഷിക്കാൻ തീരുമാനിച്ചു. മഴുക്കീർ പാടശേഖരത്തെ കൃഷി ഉപേക്ഷിക്കാനാണ് പാടശേഖര സമിതി സംയുക്തമായി തീരുമാനിച്ചത്. ഒരുക്കിയ 65 ഏക്കർ കൃഷിയിടത്തിൽ 30 ഏക്കറിലാണ് കർഷകർ കൃഷിയിറക്കിയത്.
ഈ മാസം 15 ഓടെ ഉണ്ടായ വെള്ളപ്പൊക്കത്തിലാണ് വിതച്ചിട്ട് ഒരാഴ്ച പിന്നിട്ട വിളകൾ നശിച്ചത്. കഴിഞ്ഞ മാസം കൃഷിയിറക്കാൻ നിലം ഒരുക്കിയെങ്കിലും ഒക്ടോബറിൽ ഉണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് കർഷകർ കൃഷി ഇറക്കാതെ പിൻമാറി.
പിന്നീടാണ് ഈ മാസം ആദ്യവാരം കൃഷിയിറക്കാൻ തീരുമാനിച്ചത്. വിതകഴിഞ്ഞ്ഒരാഴ്ച വളർച്ചയെത്തിയ നെൽച്ചെടികൾ വെള്ളം കയറി നശിച്ചു. കെ പി ചന്ദ്രൻ പിള്ള , കെ.പി നീലകണ്ഠൻ, പി.ഇ ചെല്ലപ്പൻ ,ശ്രീവിലാസൻ, വി.പി നാരായണപിള്ള, കെ. ഒ ഉണ്ണിട്ടൻ, എൻ .കെ സുരേന്ദ്രൻ, ഡി.പ്രസന്നൻ, വി.പി ചന്ദ്രൻ തുടങ്ങി 30 കർഷകർ ചേർന്നാണ് ഇവിടെ കൃഷി ഇറക്കിയത്. ജ്യോതി നെൽവിത്താണ് ഇവിടെ വിതച്ചത്.
ലോൺ എടുത്തും സ്വർണ്ണം പണയപ്പെടുത്തിയുമാണ് കർഷകർ കൃഷിക്കായി മുന്നൊരുക്കങ്ങൾ നടത്തി മഴുക്കീർ പാടശേഖരത്ത് കൃഷിയിറക്കിയത്. ഭൂഉടമകൾക്ക് പുറമെ 90 ശതമാനവും പാട്ടകൃഷി ചെയ്യുന്ന കർഷകരാണ്.നഷ്ടപരിഹാരത്തിനായി തിരുവൻവണ്ടൂർ കൃഷിഭവനിൽ സമിതിയുടെ നേതൃത്വത്തിൽ നിവേദനം നൽകി.
തുടർച്ചയായി കൃഷി ഭവനുമായി ബന്ധപ്പെട്ടെങ്കിലും ബന്ധപ്പെട്ട അധികാരികൾക്ക് തങ്ങളുടെ പ്രശ്ന പരിഹാരത്തിനായി അറിയിപ്പ് നൽകിയിട്ടുണ്ട്. ഉടൻ പരിഹരിക്കും എന്നുള്ള മറുപടിയാണ് ലഭിച്ചതെന്നും നാളിതുവരെ ഒരു നടപടിയും കൈക്കൊണ്ടില്ല.
വിത്ത് ലഭിക്കാത്തതിനാലാണ് തങ്ങൾ കൃഷി ഉപേക്ഷിക്കുന്നതെന്ന് കർഷകർ പറയുന്നു. ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടം കണകാക്കുന്നതായി പാടശേഖര സമിതി പറഞ്ഞു.നിലവിൽ ഇവിടെ കൃഷി ഓഫീസർ ഇല്ല. അസ്സിസ്റ്റൻ്റ് ഓഫീസേഴ്സ് ആണ് ഇപ്പോൾ കർഷകർക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽഅപ്രതീക്ഷിതമായി പെയ്ത ശക്തമായ വേനൽമഴയിൽ മഴുക്കീർ പാടശേഖരത്തെ 82 ഏക്കറിൽ കൃഷിയിറക്കിയതിൽ 60 ഏക്കറിലെ വിളഞ്ഞ നെൽകൃഷി കിളിർത്ത് നശിച്ച് കർഷകർക്ക് തീരാനഷ്ടമാണുണ്ടായത്.
മഴയ്ക്കു മുൻപേ യന്ത്രമുപയോഗിച്ച് കൊയ്ത്ത് തുടങ്ങിയെങ്കിലും 22 ഏക്കറിലെ മാത്രമാണ് കൊയ്തെടുക്കാൻ സാധിച്ചത്. കൊയ്തെടുത്ത നെല്ല് ഭാഗികമായി ആണ് കരയ്ക്കെത്തിച്ചത്. അതിനു പുറമെയാണ് ഇപ്പോഴുണ്ടായ നഷ്ടങ്ങൾ.