മങ്കൊമ്പ് : രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം വേലിയേറ്റത്തെത്തുടർന്ന് കുട്ടനാട്ടിൽ വീണ്ടും ജലനിരപ്പുയരുന്നു. ഇതോടെ പാതി വഴി പിന്നിട്ട പുഞ്ചകൃഷിയും മടവീഴ്ച ഭീഷണി നേരിടുന്നു. മടവീഴ്ചയും, കൃഷിനാശവും ഒഴിവാക്കാൻ തണ്ണീർമുക്കം ബണ്ടിലൂടെ വെള്ളം കടലിലേക്ക് ഒഴുക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വേലിയേറ്റം ശക്തമായതോടെ രാമങ്കരി, ചമ്പക്കുളം കൃഷിഭവനുകളുടെ പരിധിയിൽ വരുന്ന ഇ്ല്ലിമുറി തെക്കേത്തൊള്ളായിരം പാടശേഖരത്തിൽ പുറംബണ്ടു തകർന്നതിനെത്തുടർന്ന് പാടത്തേയ്ക്കു വെള്ളം കവിഞ്ഞു കയറുകയാണ്.
പാടശേഖരത്തിന്റെ വടക്കേ പുറംബണ്ടിൽ വിള്ളലുണ്ടായതിനെത്തുടർന്നാണ് പാടത്തേയ്ക്കു വെള്ളം കയറുന്നത്. നീരൊഴുക്കു തടഞ്ഞ് വലിയ മടവീഴ്ച ഒഴിവാക്കാനുള്ള കഠിന പ്രയത്നത്തിലാണ് പാടശേഖരത്തിലെ കർഷകർ.
അതേസമയം വേലിയേറ്റം മൂലം ജലനിരപ്പുയർന്നതിനെത്തുടർന്ന് പ്രദേശത്തെ വീടുകളിൽ പലതും വെള്ളത്തിലാണ്. ഈ സ്ഥിതി തുടർന്നാൽ കായൽ നിലങ്ങളടക്കം കുട്ടനാട്ടിലെ മിക്ക പാടശേഖരങ്ങളിലും മടവീഴ്ചയുണ്ടാകുമെന്നാണ് കർഷകർ പറയുന്നത്.
കുട്ടനാടൻ ജലാശയങ്ങളിലെ ജലനിരപ്പു താഴ്ത്തുന്നതിനായി വേലിറക്ക സമയങ്ങളിൽ മാത്രം തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നുവച്ച് വെള്ളം കടലിലേക്കു ഒഴുക്കിക്കളയണമെന്നതാണ് കർഷകരുടെ ആവശ്യം. വേലിയേറ്റത്തെത്തുടർന്ന് രണ്ടാഴ്ച മുൻപ് കായൽ നിലങ്ങളിലടക്കം കുട്ടനാട്ടിൽ മടവീഴ്ചയുണ്ടായിരുന്നു.
ഇതെത്തുടർന്ന് കർഷകരുടെയും വിവിധ സംഘടനകളുടെയും ആവശ്യത്തെത്തുടർന്ന് തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടച്ചിരുന്നു. എ്ന്നാൽ ഷട്ടറുകൾ അടച്ചിടുന്ന സമയത്തും വലിയതോതിൽ കുട്ടനാട്ടിലേക്കു വെള്ളമൊഴുകിയെത്തുന്നതു സംബന്ധിച്ചു പരിശോധിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.