മാഹി: മൂലക്കടവിലെ തയ്യിൽ പ്രദേശത്തെ ആറു വീട്ടുകാർക്ക് വീടണയാൻ നൂറ് മീറ്ററോളം മുട്ടിന് മേലെ വെള്ളത്തിൽ ഇറങ്ങി നടക്കണം.മഴക്കാലം തുടങ്ങിയാൽ ഇവർ സഞ്ചരിക്കുന്ന വയൽ വരമ്പിൽ വെള്ളം പൊങ്ങുക നിത്യസംഭവമാണ്.
പാമ്പുകളുടെ താവളമാണ് ഈ സ്ഥലം. വയലിൽ നിന്ന് വെള്ളം ഒഴിഞ്ഞു പോകുവാൻ ഓവുചാൽ ഉണ്ടായിരുന്നത് മൂലക്കടവ് പാതയോരത്ത് നിറയെ കെട്ടിടങ്ങൾ ഉയർന്നതോടെ നികന്ന നിലയിലായി. കൂടാതെ വെള്ളപ്പൊക്ക ബാധിത പ്രദേശമാണിത്.
കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഉണ്ടായ പ്രളയത്തിൽ തയ്യിൽ പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. വീടുകളിൽ ഉണ്ടായിരുന്ന രോഗികളേയും പ്രായമായവരേയും ചുമന്നാണ് പ്രദേശത്തുകാർ റോഡിൽ എത്തിച്ചത്.
മാഹി പൊതുമരാമത്ത് വകുപ്പ് നടപ്പാത പണിയാത്തതാണ് ദുരിതങ്ങൾക്ക് കാരണമെന്ന് വീട്ടുകാർ പറയുന്നു.പരാതികൾ നിരവധി തവണ കൊടുത്തെങ്കിലും നൽകിയെങ്കിലും നടപ്പാത ഉയർന്നില്ല.
ഈ വർഷം മഴ തുടങ്ങുന്നതിന് മുൻപ് നടപ്പാത പണിതു തരാമെന്ന് ഉറപ്പും പൊതുമരാമത്ത് വകുപ്പ് അധികൃതർ നൽകിയിരുന്നു.