വൈപ്പിൻ: മഴവെള്ളക്കപ്പൊക്ക കെടുതിക്കിടെ നായരന്പലം വെളിയത്ത് പറന്പ് പുത്തൻ കടപ്പുറത്ത് കടൽ വെള്ളം കയറി. ഇതോടെ ക്ഷുഭിതരായ നാട്ടുകാർ വെളിയത്ത് പറന്പ് ബീച്ച് റോഡിൽ കഞ്ഞിവച്ച് പ്രതിഷേധിച്ചു. ഇന്നലെ വേലിയേറ്റ സമയത്താണ് കടൽ കവിഞ്ഞ് കരയിലേക്ക് ഒഴുകിയത്.
നായരന്പലം പുത്തൻ കടപ്പുറം, എടവനക്കാട് പഴങ്ങാട്, ചാത്തങ്ങാട് തുടങ്ങിയ കടപ്പുറങ്ങളിലും ഇന്നലെ കടൽ കരകവിഞ്ഞൊഴുകി. നായരന്പലത്തായിരുന്നു രൂക്ഷത കൂടുതൽ. കഴിഞ്ഞ രണ്ട് ദിവസമായി മഴവെള്ളപ്പൊക്ക ദുരിതത്തിൽ കെടുതി അനുഭവിച്ചുവരുന്ന തീരദേശത്തുകാർക്ക് ഇന്നലെ കടൽ വെള്ളം കൂടി കയറിയതോടെ ദുരിതം ഇരട്ടിയായി.
വെള്ളപ്പൊക്ക കെടുതിക്കും കടൽ ക്ഷോഭത്തിനും ശാശ്വത പരിഹാരം കാണണമെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യം സർക്കാർ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് നടുറോഡിൽ കഞ്ഞിവച്ചത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറോളം പേർ പ്രതിഷേധത്തിൽ അണിനിരന്നു.