വടക്കഞ്ചേരി: വടക്കഞ്ചേരിയിൽ 150 ഏക്കർ ജൈവ നെൽകൃഷി വെള്ളം കെട്ടിനിന്ന് നശിച്ചു. വടക്കഞ്ചേരി പാടശേഖരത്തിലെ ജൈവ നെൽ കർഷകർക്കാണ് മഴകൂടുതൽ വിനയായത്.ഒഴിഞ്ഞു പോകാതെ രണ്ടാഴ്ചയായി വെള്ളം കണ്ടങ്ങളിൽ കെട്ടിനിന്നതാണ് നെൽചെടികൾ ചീഞ്ഞ് കൃഷി നശിക്കാൻ കാരണമായതെന്ന് പാടശേഖരസമിതി സെക്രട്ടറി മാധവൻ പറഞ്ഞു. ഒരാഴ്ച മുന്‍പുണ്ടായ തോരാത്ത മഴയിൽ പാടങ്ങൾ വെള്ളത്തിൽ മുങ്ങിയിരുന്നു.
നടീലും വിതയും നടത്തിയ നെൽചെടികളാണ് നശിച്ചത്. ഈ പാടശേഖരത്തിനുതാഴെയുള്ള ആയക്കാട് പാടശേഖരത്തിലും നെൽകൃഷിക്ക് വലിയ നഷ്ടം ഉണ്ടായിട്ടുണ്ട്. കൃഷിവകുപ്പ് ആലത്തൂർ ഡെപ്യൂട്ടി ഡയറക്ടറുടെ കീഴിൽ വരുന്ന എട്ട് പഞ്ചായത്തുകളിലായി 285 ഹെക്ടർ നെൽകൃഷി കാലവർഷത്തിൽ നശിച്ചതായി അധികൃതർ പറഞ്ഞു.
ആലത്തൂർ, വടക്കഞ്ചേരി, പുതുക്കോട് പഞ്ചായത്തുകളിലാണ് നാശനഷ്ടം കൂടുതൽ. പുതുക്കോട് ഉൾപ്പടെയുള്ള പഞ്ചായത്തുകളിൽ അഞ്ച് ഹെക്ടറിൽ പച്ചക്കറിക്കും നാശമുണ്ട്.500 നേന്ത്രവാഴകളും 50,000 രൂപയുടെ കുരുമുളക്, തെങ്ങ് തുടങ്ങിയവയുടെ നാശം കണക്കാക്കിയതായി അധികൃതർ അറിയിച്ചു.