നെല്ലിയാന്പതി: കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന കനത്തമഴയെ തുടർന്ന് മലയോര മേഖലയായ നെല്ലിയാന്പതിയിൽ ഇന്നലെയും ഗതാഗതം തടസ്സപ്പെട്ടു. നൂറടി പ്രദേശത്ത് ആയൂർവേദ ആശുപത്രിയിലും കുടുംബക്ഷേമ കേന്ദ്രത്തിലും അങ്കണവാടിയിലും കൂടാതെ പരിസരത്തുള്ള വീടുകളിലും മൂന്നടി പൊക്കത്തിൽ വെള്ളം കയറി. ഞായറാഴ്ച രാവിലെ പെയ്ത ശക്തമായ മഴയെ തുടർന്ന് കാട്ടാനക്കൂട്ടം മണിക്കൂറുകളോളം കൈകാട്ടി അയ്യപ്പൻ ക്ഷേത്രത്തിനു മുന്നിൽ നിലയുറപ്പിച്ചു.
വണ്ണാത്തിപ്പാലം മുതൽ കാരപ്പാറ വരെയുള്ള ബസ് ഗതാഗതം രാവിലെ മുതൽ ഉച്ചവരെ തടസ്സപ്പെട്ടു. വണ്ണാത്തിപാലത്ത് ഉണങ്ങിയ മരം വൈദ്യുതി ലൈനിന്റെ മുകളിൽ വീണു. ആറ്റുപ്പാടിക്കു സമീപം സിൽവർ ഓക്ക് മരം ശക്തമായ കാറ്റിനെ തുടർന്ന് വൈദ്യുതി ലൈനിൽ വീഴുകയും വൈദ്യുതിപോസ്റ്റ് ഒടിയുകയും ചെയ്തു. കരടി ഉൗമാണ്ടി വളവിന് സമീപം മരം കടപുഴകി വൈദ്യുതി പോസ്റ്റിന്റെ മുകളിലേക്ക് വീണു.
ഇതുകാരണം രാവിലെ 5.15ന് കാരപ്പാറയിൽ നിന്നും പാലക്കാട്ടേക്ക് പുറപ്പെടേണ്ട കെ.എസ്.ആർ.ടി.സി ബസ് കാരപ്പാറയിൽ തന്നെ സർവീസ് നിർത്തിവെച്ചു. ഉച്ചവരെ കാരപ്പാറ റൂട്ടിൽ ഗതാഗത തടസ്സം ഉള്ളതുകൊണ്ട് ബസ് സർവീസ് നടത്താൻ സാധിച്ചില്ല. രാവിലെ 7.15ന് വിക്ടോറിയ എത്തേണ്ട കെ.എസ്.ആർ.ടി.സിയും 8.10ന് കാരപ്പാറ എത്തേണ്ട കെ.എസ്.ആർ.ടി.സി ബസും ഗതാഗത തടസ്സത്തെ തുടർന്ന് നൂറടിയോടെ സർവീസ് അവസാനിച്ചു.
അഞ്ചോളം വൈദ്യുതി പോസ്റ്റുകൾ മരം വീണ് ഒടിഞ്ഞതിനാൽ കാരപ്പാറ, കരടി, ഓറിയന്റൽ, വിക്ടോറിയ എന്നീ പ്രദേശങ്ങളിലേക്കുള്ള വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടു. മൂന്നുമണിയോടെ നൂറടി പ്രദേശത്ത് പുഴയിൽ വെള്ളം കവിയുകയും അടുത്തുള്ള ആയൂർവേദ ആസ്പത്രി, സബ്സെന്റർ, അങ്കണവാടി, പുഴയോരത്തെ വീടുകൾ എന്നിവിടങ്ങളിൽ മഴവെള്ളം കയറി. തുടർന്ന് രണ്ടുമണിക്കൂറോളം നൂറടി പ്രദേശത്ത് കൂടിയുള്ള ബസ് ഉൾപ്പടെയുള്ള വാഹനങ്ങളും ഗതാഗതവും തടസ്സപ്പെട്ടു.
ശക്തമായ മഴ കാരണം ശനിയാഴ്ച ലില്ലി പ്രദേശത്ത് തോട്ടം തൊഴിലാളികൾ ജോലിക്ക് പോയില്ല. നെല്ലിയാന്പതിയിലേക്ക് ടൂറിസ്റ്റുകളെ താത്കാലികമായി തടഞ്ഞുകൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് നിലനിൽക്കുന്നത് കാരണം കൂടുതൽ അപകടങ്ങളും യാത്രാക്ലേശവും ഒഴിവായിട്ടുണ്ട്. എന്നാൽ ഞായറാഴ്ച പെയ്തതുപോലെ മഴ ശക്തമായി തുടർന്നാൽ വരുംദിവസങ്ങളിൽ നെല്ലിയാന്പതി പ്രദേശത്ത് മണ്ണിടിയാനും മരം വീണ് ഗതാഗത തടസ്സം ഉണ്ടാകാനും സാധ്യതയുണ്ട്.