ചവറ: ചവറയിൽ പെയ്ത ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങൾ പൂർണമായും ദുരിതക്കയത്തിലായി. പന്മനയിൽ മാത്രം നൂറിലധികം വീടുകൾ വെള്ളത്തിലായി. നിരവധി വീട്ടുകാർ വീടുവിട്ട് ബന്ധുവീടുകളിൽ അഭയം തേടി.
പന്മന കളരി, പോരൂക്കര വാർഡുകളിലാണ് മഴ ഏറ്റവുമധികം ദുരിതം വിതച്ചത്. ഓടകൾ നിറഞ്ഞു കവിഞ്ഞതോടെ പരിസര പ്രദേശങ്ങൾ വെള്ളത്തിലായി. മഴക്കാലപൂർവ ശുചികരണപ്രവർത്തനങ്ങൾ നടപ്പാക്കാത്തത് കാരണമാണ് വെള്ളപ്പൊക്കം രൂക്ഷമായതെന്ന് പരക്കെ ആക്ഷേപമുണ്ട്. ചവറയിലെ മിക്ക ഓടകളും മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ട സ്ഥിതിയാണ്.
മുൻപ് തൊഴിലുറപ്പ് പദ്ധതിയിൽ ശുചീകരണം നടത്തുമായിരുന്നു. പദ്ധതി നിലച്ചതോടെ ഗ്രാമ പഞ്ചായത്തുകൾ നൽകുന്ന തുച്ഛമായ ഫണ്ടുകൾ കൊണ്ട് ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാണ്. പന്മന കളരി കണിച്ചുകുളങ്ങര പ്രദേശം പൂർണമായും വെള്ളത്തിലായി. 40 ഓളം വീടുകളിൽ വെള്ളം കയറി. ഭൂരിഭാഗം വീട്ടുകാരും വീടുപേക്ഷിച്ച് ബന്ധുവീടുകളിലാണ്.
കളരി രാകേഷ് ഭവനത്തിൽ രാധാമണിയുടെ വീട്ടിൽ അയൽ വീട്ടിൽ നിന്ന മരങ്ങൾ കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. മഹാഗണി, പറങ്കിമാവ്, പൈൻ എന്നിവയാണ് വീണത്. ഓടിട്ട മേൽക്കൂര തകകരുകയും ചെയ്തു. വെള്ളപ്പൊക്കം രൂക്ഷമായതോടെ ടിഎസ് കനാലിലേക്ക് കെഎംഎംഎൽ വഴി ഒഴുകുന്ന ചമ്പനാടി കലുങ്ക് വൃത്തിയാക്കിത്തുടങ്ങി.
പന്മന പോരൂ ക്കരയിൽ നൂറോളം വീടുകളിൽ വെള്ളം കയറി. പുത്തൻകോവിൽ, തട്ടാശേരി, കുളങ്ങരഭാഗം, ചെറുശേരി ഭാഗം, പൊന്മന വാർഡുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. പലയിടത്തും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ റവന്യൂ അധികൃതർ സന്ദർശിച്ചു.