പറവൂർ: രണ്ടായിരത്തി പതിനെട്ടിലെ മഹാപ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട് ദുരിതത്തിലായി അതിജീവനത്തിലൂടെ കരകയറിയ ജനം വീണ്ടുമൊരു പ്രളയഭീതിയിൽ. പ്രളയം സംഹാര താണ്ടവമാടിയ പറവൂർ താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളാണ് ഇനിയുമൊരു പ്രളയം മുന്നിൽ കണ്ട് മുന്നെരുക്കം തുടങ്ങിയിരിക്കുന്നത്.
താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന വളരെയധികം കുടുംബങ്ങൾ, പ്രളയത്തിൽ നശിച്ചുപോകുമെന്ന് കരുതുന്ന വീട്ടു സാധനങ്ങളെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന തിരക്കിലാണ്. വീടിനു മുകളിൽ ഒരു മുറിയെങ്കിലും പണിത് അതിനോടൊപ്പം ശുചിമുറി സൗകര്യമൊരുക്കി പ്രളയത്തെ നേരിടാൻ തയാറായിട്ടുള്ളവരും നിരവധിയാണ്.
ഇതിന് കഴിയാത്തവരിൽ പലരും ഉയർന്ന സ്ഥലങ്ങളിൽ വാടകയ്ക്കു വീടു തരപ്പെടുത്തി വച്ച് സമാധാനം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ പ്രളയജലം ഏറ്റവും കൂടുതൽ കുടംബങ്ങളെ ബാധിച്ച കുന്നുകരയിലാണ് ഈ മുന്നൊരുക്കം കൂടുതലായി നടക്കുന്നത്.
ജനം സ്വന്തമായി നടത്തുന്ന പ്രളയമുന്നൊരുക്കത്തോടൊപ്പം തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും മുന്നൊരുക്കം സജീവമാക്കി. ദ്രുത കർമ്മ സേനാ രൂപീകരണമാണ് ആദ്യപടി നടത്തിയത്. ദുരന്തമുണ്ടായാൽ അത് ജനങ്ങളെ അറിയിക്കാൻ വാർഡ് തലത്തിൽ അഞ്ചുപേരടങ്ങുന്ന വോളണ്ടിയർമാരെ തെരഞ്ഞെടുത്തു.
കൂടാതെ രക്ഷാപ്രവർത്തനത്തിൽ മുൻപരിചയമുള്ള അഞ്ചുപേരെ രക്ഷാപ്രവർത്തനത്തിന്റെ നേതൃത്വതിനായും ചുമതലപ്പെടുത്തി. പ്രളയമുണ്ടായാൽ ക്യാമ്പുകൾ തുടങ്ങുന്നതിന് മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും, കോവിഡ് 19 വ്യാപന സാഹചര്യമുള്ളതിനാൽ പരമാവധി ആളുകൾ ക്യാമ്പുകൾ ഒഴിവാക്കി സ്വയം സുരക്ഷ ഒരുക്കണമെന്നതാണ് നിർദേശം.
ഇതിനായി സൗകര്യപ്രദമായ ബന്ധുവീടുകൾ ഉപയോഗപ്പെടുത്തണമെന്നും പ്രായമായവരെ നേരത്തേ ഇവിടേയ്ക്ക് മാറ്റണമെന്നും സൂചനകൾ ആദ്യയോഗങ്ങളിൽ നൽകിയിട്ടുണ്ട്. ക്യാമ്പുകളിലാണെങ്കിലും വൃദ്ധർക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കും. ഇവർക്കായി മാത്രം ക്യാമ്പ് ഒരുക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
രക്ഷാമാർഗമായി ജലഗതാഗത സൗകര്യം ഒരുക്കുന്ന കാര്യത്തിലും മുന്നൊരുക്കം നടന്നു വരികയാണ്. വഞ്ചി, ചെറുബോട്ടുകൾ, സ്പീഡ് ബോട്ട് എന്നിവ സ്വന്തമായോ വാടകയ്ക്കോ കരുതാനും തദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരണ ബാങ്കുകളും നടപടി തുടങ്ങി കഴിഞ്ഞു.
പുത്തൻവേലിക്കര പഞ്ചായത്ത് നാല് ബോട്ടുകളാണ് ഇതിനായി വാങ്ങുന്നത്. പ്രളയം വന്നാൽ അത് ഓഗസ്റ്റിലായിരിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇത് നേരത്തേ ആകാനുള്ള മുന്നറിയിപ്പും ഇവർ നൽകുന്നു.
പ്രളയം വന്നാൽ അത് ദുരന്തമായി മാറാതിരിക്കാൻ തോടുകളും മറ്റു ജലനിർഗമനമാർഗങ്ങളും ശുചീകരിക്കുന്നതും ആഴം വർധിപ്പിക്കുന്നതുമായ നടപടികളും ധൃതഗതിയിൽ നടന്നുവരുന്നുണ്ട്. വടക്കേക്കര ഗ്രാമപഞ്ചായത്ത് തോടുകളുടെ ശുചീകരണത്തിനായി ഒരു വാർഡിൽ 40,000 രൂപ വീതം 1160000 രൂപ ചെലവഴിക്കാൻ തീരുമാനിച്ചിട്ടുണ്ട്.