കോട്ടയം: പ്രളയക്കെടുതിയിൽ ജനങ്ങളുടെ വീട്ടുപകരണങ്ങൾ നഷ്ടപ്പെടുകയും കേടു വരികയും ചെയ്തതിന് സർക്കാർ നഷ്ടപരിഹാരം നല്‍കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് കേരള ജനത. നിലവിൽ വീടുകൾക്ക് കേടുപാടുണ്ടായാൽ മാത്രമാണ് നഷ്ടപരിഹാരത്തിന് അർഹത. എന്നാൽ കഴിഞ്ഞ വെള്ളപ്പൊക്കം കേരളം കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയായി മാറിയത് കണക്കിലെടുത്ത് സർക്കാർ പ്രത്യേക സഹായം പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, കട്ടിൽ, മെത്ത, ടിവി, വെള്ളം പന്പ് ചെയ്യുന്ന മോട്ടോർ, വസ്ത്രങ്ങൾ, പാത്രം തുടങ്ങിയവ നഷ്ടപ്പെട്ടവർക്ക് എന്തെങ്കിലും പരിഹാരമുണ്ടാകുമോ എന്നാണ് ആരായുന്നത്. വീടുകളിൽ വെള്ളം കയറിയവരുടെയെല്ലാം ഉപകരണങ്ങൾ നഷ്ടപ്പെട്ടു. പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമാണ് ഓരോ വീട്ടുകാർക്കും ഉണ്ടായിരിക്കുന്നത്. ഇതിൽ ഒരംശമെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നാണ് ദുരിതം നേരിട്ടവരുടെ ആഗ്രഹം.
നഷ്ടപ്പെട്ട വീട്ടുപകരണങ്ങൾക്ക് പകരം പുതിയവ വാങ്ങാൻ കഴിയാത്തവരാണ് ദുരിതമനുഭവിക്കുന്നവരിൽ ഏറിയ പങ്കും. ദുരിതാശ്വാസ കേന്ദ്രങ്ങളിൽ നിന്ന് വീടുകളിൽ എത്തിയവരുടെ കാര്യം പരിതാപകരമാണ്. കട്ടിലും മെത്തയും നനഞ്ഞു നശിച്ചതിനാൽ കിടപ്പ് തറയിലാണ്. വെള്ളം കെട്ടിക്കിടന്ന് തണുത്തുറഞ്ഞ തറയിലെ അവസ്ഥയും മോശം. രോഗികളും മറ്റും തണുത്ത തറയിൽ കിടക്കുന്നത് ആരോഗ്യ പ്രശ്നമുണ്ടാക്കുന്നു.
ചില വീടുകളിൽ ഇപ്പോൾ ലൈറ്റ് ഓണ്‍ ചെയ്യാതെ തന്നെ കത്തുന്ന സ്ഥിതിയാണുള്ളത്. വയറിംഗിൽ വെള്ളം കയറിയുള്ള മാറ്റമാണിത്. സ്വിച്ചിൽ തൊട്ടാൽ കറന്റടിക്കുന്ന വീടുകളും കുറവല്ല. പ്രളയത്തിനു ശേഷവും ദുരിതം തന്നെ.