തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ജിവിഎച്ച്എസ്എസിൽ വിദ്യാർഥികളെയും അധ്യാപകരെയും ദുരിതത്തിലാക്കി വെള്ളക്കെട്ട്. പ്രധാന കവാടത്തിന് അടുത്തു മുതൽ സ്കൂൾ ഓഫീസ് വരെയുള്ള ഭാഗങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി നിൽക്കുകയാണ്.
പ്രധാന കവാടത്തോടു ചേർന്നുള്ള റോഡിലെ ഓവുചാലുകൾ മണ്ണും മാലിന്യങ്ങളും അടിഞ്ഞ് മൂടിയതിനാൽ വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുകയാണ്. ടൗണിലെ ഓവുചാലുകൾ ശുചീകരിച്ചപ്പോൾ സ്കൂളിനു മുന്നിലെ ഭാഗത്തുള്ള മണ്ണും മാലിന്യങ്ങളും ഒഴിവാക്കുകയായിരുന്നുവെന്ന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.
നൂറുകണക്കിന് വിദ്യാർഥികൾ പഠനം നടത്തുന്ന സ്കൂളിലെ വെള്ളക്കെട്ട് നീക്കിക്കളയാൻ സ്കൂൾ അധികൃതരും താത്പര്യം കാട്ടുന്നില്ലെന്ന് രക്ഷിതാക്കളും പറയുന്നു.മഴ ഇനിയും തുടർന്നാൽ വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ കഴിയാത്ത അവസ്ഥയുണ്ടാകുമെന്നും രക്ഷിതാക്കൾ ആശങ്കപ്പെടുന്നു.