നെടുമങ്ങാട്: ഇന്നലെയുണ്ടായ മലവെള്ളപ്പാച്ചിലിൽ ചെറുമഞ്ചൽ ആയിരവില്ലി തമ്പുരാൻ ക്ഷേത്രത്തിൽ വ്യാപക നാശം.
വെള്ളപ്പാച്ചിലിൽ ക്ഷേത്രത്തിന്റെ ചുറ്റുമതിൽ തകർന്നു . കാണിക്കവഞ്ചി, വിളക്കുകൾ, വിഗ്രഹങ്ങൾ എന്നിവ ഒഴുകിപ്പോയി.
മൂന്ന് ലക്ഷത്തിലധികം രൂപയുടെ നാശം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. പുറുത്തിപ്പാറ പഞ്ചായത്ത് സ്റ്റേഡിയത്തിലെ ഒരു വശത്തെ കരിങ്കൽ കെട്ട് തകർന്നു റിവൈവൽ സെൻട്രൽ ചർച്ചിന്റെ സമീപത്തേക്ക് വീണു. മൈതാനത്തിന്റെ ഒരു ഭാഗം തകർന്ന് പള്ളിയിലും സമീപത്തെ ഒരു വീട്ടിലും വെള്ളംകയറി.
കരുംകുളം ശിവക്ഷേത്രത്തിൽ വെള്ളം കയറി
വിഴിഞ്ഞം: ഇന്നലെ പെയ്ത കനത്ത മഴയിൽ വിഴിഞ്ഞം മേഖലയിൽ വ്യാപക നാശം. കരുംകുളം ശിവക്ഷേത്രം വെള്ളത്തിൽ മുങ്ങി. നേരത്തെയുള്ള മഴയിൽ ഉയർന്ന വെള്ളം കെട്ടിക്കിടന്ന് പൂജാതി കർമ്മങ്ങളെ വരെ ബാധിച്ചിരുന്നു.
ഇതിനിടെയാണ് വീണ്ടും വെള്ളം കയറിയത്. നിലവിൽശ്രീകോവിലിനുള്ളിലും വെള്ളം കയറിയിട്ടുണ്ട്. ക്ഷേത്ര പൂജാരി ഊട്ടുപുരയിൽ നിന്നും തടികൾ കെട്ടിയ പാലത്തിലൂടെയാണ് ശ്രീകോവിലെത്തുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ അശാസ്ത്രീയ ഓട നിർമാണമാണ് ക്ഷേത്രവും പരിസര പ്രദേശവും വെള്ളത്തിനടിയിലാവാൻ കാരണമെന്ന് നാട്ടുക്കാർ പറയുന്നു.
ഓടയിലൂടെ വരുന്ന മഴ വെള്ളം ഒഴുകി പോകാതെ കെട്ടിനിന്ന് ഓട നിരപ്പിൽ നിന്നും താഴ്ന്ന ക്ഷേത്രചുറ്റമതിലൂടെ അകത്തേക്ക് ഒഴുകിയെത്തുകയാണ്. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് ക്ഷേത്ര ഭാരവാഹികൾ എം. വിൻസന്റ് എംഎൽഎയോട് ആവശ്യപ്പെട്ടു.