കോട്ടയം: വീടുകളില് മോഷണം നടക്കും. എല്ലാം നഷ്ടപ്പെടും അതിനാല് ഞങ്ങള് വരില്ല സാറേ…. വെള്ളത്തില് മുങ്ങിയവിജയപുരം പഞ്ചായത്തിലെ കൊശമറ്റം കോളനി നിവാസികളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റാന് എത്തിയ പഞ്ചായത്ത് പ്രസിഡന്റിനോടും മെംബര്മാരോടും വീട്ടുകാര് പറഞ്ഞതാണിത്.
കഴിഞ്ഞ കുറെ വര്ഷങ്ങളായുള്ള വെള്ളപ്പൊക്കത്തില് കൊശമറ്റം കോളനി ഉള്പ്പെടെയുള്ള സ്ഥലങ്ങളില് നിന്നും ദുരിതാശ്വാസ ക്യാമ്പില് താമസമാക്കുന്ന ആളുകളുടെ വീടുകളിൽ മോഷണം പതിവാണ്.
കട്ടിലും മേശയും ടിവിയും അലമാരയും പാത്രങ്ങളുമെല്ലാം മോഷണം പോയതായി പ്രദേശവാസികള് പറഞ്ഞു. അതിനാല് പലര്ക്കും വീട് ഉപേക്ഷിച്ച് ക്യാമ്പുകളിലേക്ക് പോകാന് മടിയാണ്.
വീടിന്റെ മച്ച് പൊളിച്ചു വരെ അകത്തുകിടന്ന സാധന സാമഗ്രികള് കൊണ്ടുപോയതായി കോളനി നിവാസികൾ പറഞ്ഞു. വെള്ളം ഇറങ്ങി ക്യാമ്പില്നിന്നും വീടുകളിലെത്തിയപ്പോള് എല്ലാം നഷ്ടപ്പെട്ട അവസ്ഥായാണെന്നും അവർ പറഞ്ഞു.
മോഷണത്തിനു പരിഹാരമുണ്ടാക്കാമെന്നും ക്യാമ്പിലേക്ക് മടങ്ങണമെന്നും അല്ലെങ്കില് ആപത്താണെന്നുമുള്ള അധികൃതരുടെ ആവര്ത്തിച്ചുള്ള നിര്ദേശത്തിനൊടുവിലാണ് പലരും ക്യാമ്പിലേക്ക് പോയത്.
കൊശമറ്റത്തു മാത്രമല്ല, വെള്ളം കയറിയ മിക്കയിടങ്ങളിലും ഇതാണ് അവസ്ഥ. മോഷണം ഭയന്ന് പലരും ക്യാമ്പില് പോകാന് മടിക്കുകയാണ്.
അല്ലെങ്കില് കുട്ടികളെയും സ്ത്രീകളെയും ക്യാമ്പുകളിലേക്ക് പറഞ്ഞുവിട്ട് മുതിര്ന്നവര് വെള്ളം കയറിയ വീടിനു കാവലിരിക്കുകയാണ്.