കോട്ടയം: കിഴക്കൻ മേഖലയിൽനിന്നു ഒഴുകിയെത്തിയ വെള്ളം പടിഞ്ഞാറൻ മേഖലയെ മുക്കി. ഇതോടെ ജനജീവിതം ദുഃസഹമാക്കി. തുരുത്തുകളിലെ കുടുംബങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് അഭയം തേടി.
ഇടറോഡുകളിൽ വെള്ളം ഉയർന്നതോടെ പലയിടങ്ങളിലും ഗതാഗതവും തടസപ്പെട്ടു. റവന്യൂ, ഫയർഫോഴ്സ്, പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് കാന്പ് ചെയ്ത് ആളുകളെ ദുരിദാശ്വാസ ക്യാന്പുകളിലേക്കും മറ്റ് സുരക്ഷാ കേന്ദ്രങ്ങളിലേക്കും മാറ്റുകയാണ്.
ഇന്നലെ പുലർച്ചെ മുതൽ ജില്ലയിൽ മഴ ശക്തമായിരുന്നെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കുമരകം മുങ്ങുന്നു
കുമരകം: കിഴക്കൻ വെള്ളം ഒഴുകിയെത്തുന്നതോടെ കുമരകത്തും സമീപ പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായി.
ഇതോടെ കൂടുതൽ ദുരിതാശ്വാസ ക്യാന്പുകൾ ആരംഭിക്കാനും വീടുകൾക്കുള്ളിൽ വെള്ളം കയറി ദുരിതത്തിലായവരെ ക്യാന്പുകളിൽ എത്തിക്കാനും അധികൃതർ നടപടി സ്വീകരിച്ചു വരുന്നു. വാഹന ഗതാഗതം നിലവിൽ തുടരുന്നുണ്ടെങ്കിലും ഇനിയും ജലനിരപ്പ് ഉയർന്നാൽ ചെറു വാഹനങ്ങളിലെ യാത്ര അസാധ്യമാകും.
തിരുവാർപ്പിലെ പല കോളനികളും വെള്ളത്തിലായി. കുമരകത്തെ താഴ്ന്ന പ്രദേശങ്ങളിലും ധാരാളം വീടുകളിലും വെള്ളം കയറി.
എസി റോഡിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി
ചങ്ങനാശേരി: എസി റോഡിന്റെ വശങ്ങളിലുള്ള എസി റോഡ് കോളനി, എസി റോഡ് പുറന്പോക്ക് ഭാഗങ്ങളിലെ 50 വീടുകളിലേക്ക് വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്.
എസി റോഡിൽനിന്നു മേപ്രാലിലേക്കുള്ള റോഡിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിലായതോടെ ഗതാഗതം പൂർണമായി നിലച്ചു.
എസി റോഡിന്റെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ വെള്ളം ഇരച്ചു കയറിയിട്ടുണ്ടെങ്കിലും കെഎസ്ആർടിസിയുൾപ്പെടെയുള്ള വാഹന ഗതാഗതം തുടരുന്നുണ്ട്.
ഈ പ്രദേശത്ത് മൂന്ന് ദുരിതാശ്വാസ ക്യാന്പുകളിലായി 27 കുടുംബങ്ങളിലെ 103 പേരെ മാറ്റി പാർപ്പിച്ചു. ആവശ്യമായ സാഹചര്യത്തിൽ പ്രവർത്തിക്കാൻ കൂടുതൽ ക്യാന്പുകൾ സജ്ജമാണെന്ന് താലൂക്ക് ഓഫീസ് അധികൃതർ പറഞ്ഞു.
ചങ്ങനാശേരിയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പുയരുന്നു. പായിപ്പാട് പഞ്ചായത്തിലെ കോമങ്കേരിച്ചിറ, അറുനൂറിൽപുതുവൽ, നക്രാൽ, മൂലേപ്പുതുവൽ, പൂവം, ദൈവംപറന്പ് പ്രദേശങ്ങളും വെള്ളത്താൻ ചുറ്റപ്പെട്ടു. ഈ പ്രദേശത്തെ 500 ൽ അധികം വീടുകൾ വെള്ളത്തിലായിട്ടുണ്ട്.
മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ക്രമാതീതം
തലയോലപ്പറന്പ്: മഴ തുടരുന്നതിനൊപ്പം മൂവാറ്റുപുഴയാറിൽ ജലനിരപ്പു ഉയരുകയും ചെയ്തതോടെ തലയോലപറന്പ്, മറവൻതുരുത്ത്, മുളക്കുളം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലേയും പുഴയോര മേഖലയിലും കൂടുതൽ വീടുകൾ വെള്ളത്തിലായി.