കോട്ടയം: കുമരകവും തിരുവാർപ്പും അയ്മനവും ഒറ്റപ്പെട്ടു. വാഹന സൗകര്യമില്ല. പെട്രോൾ പന്പ് അടഞ്ഞു കിടക്കുന്നു. പലയിടത്തും കടകൾ തുറക്കുന്നില്ല. വാഹനം ഓടാത്തതിനാൽ പാൽ വിതരണവും നിലച്ചു. കുമരകത്ത് ഇന്നു രാവിലെയാണ് പാലും പത്രവും കിട്ടാൻ തുടങ്ങിയത്. കോട്ടയത്തുനിന്നും ചേർത്തല, വൈക്കം ഭാഗത്തുനിന്നും കുമരകത്തേക്കുള്ള വാഹന ഗതാഗതം തിങ്കളാഴ്ച സ്തംഭിച്ചതാണ്. ഒരൊറ്റ വാഹനം പോലും കുമരകം ഭാഗത്തേക്കു പോകാൻ കഴിയുന്നില്ല.
റോഡിൽ വെള്ളം കയറിയതാണ് വാഹനഗതാഗതം നിലച്ചത്. തിരുവാർപ്പിലേക്കും വാഹനഗതാഗതം നിലച്ചിരിക്കുകയായിരുന്നു. ഇന്നു രാവിലെ ഏതാനും ബസുകൾ സർവീസ് ആരംഭിച്ചു. കുമരകത്തേക്ക് കോട്ടയത്തുനിന്നുള്ള വാഹനങ്ങൾ ഇല്ലിക്കൽവരെ പോയി മടങ്ങുകയാണ്. ഇല്ലിക്കൽ ഭാഗത്ത് റോഡിൽ വെള്ളം കയറിയതിനാൽ ഒരു വാഹനത്തിനും പോകാൻ കഴിയുന്നില്ല. കുമരകം ഒറ്റപ്പെട്ടതോടെ വിനോദ സഞ്ചാരികളുടെ വരവിനെ ബാധിച്ചു.
വെള്ളം ഉയരുന്നതിനു മുൻപ് കുമരകത്ത് എത്തിയ വിനോദ സഞ്ചാരികൾക്ക് ഇപ്പോൾ പുറത്തേക്കു പോകാനും നിവൃത്തിയില്ല. റിസോർട്ടുകളിൽ ഒറ്റപ്പെട്ട വിനോദസഞ്ചാരികളും ഏറെയാണ്. മീനച്ചിലാർ അപകടരേഖയ്ക്കും മുകളിൽ കരകവിഞ്ഞ് ഭീതികരമായ നിലയിൽ ഒഴുകാൻ തുടങ്ങിയതേടെ ജനജീവിതം പൂർണമായും സ്തംഭിച്ചു.
കഴിഞ്ഞ ദിവസം മഴയ്ക്ക് അൽപം ശമനം ഉണ്ടായങ്കിലും ഇന്നലെ വീണ്ടും കാലവർഷം ശക്തിയാർജിച്ചതോടെ ജലനിരപ്പ് ഉയരുന്നത് ദുരിതാശ്വാസ പ്രവർത്തകരേയും ആശങ്കയിലാക്കുന്നു. വാഹന ഗതാഗതം നിലച്ചതോടെ നിത്യോപയോഗ സാധനങ്ങൾ പോലും കിട്ടാതായിരിക്കുകയാണ്.
റേഷൻ കടകളും അടച്ചിട്ടിരിക്കുകയാണ്. മത്സ്യതൊഴിലാളികൾ വേന്പനാട്ടു കായലിലേക്ക് മത്സ്യ ബന്ധനത്തിനായി പോയിട്ട് ദിവസങ്ങളായി. 20 വർഷത്തിനുള്ളിൽ കാണാത്ത ജലപ്രളയത്തെയാണ് പടിഞ്ഞാറൻ പ്രദേശവാസികൾ നേരിട്ടു കൊണ്ടിരിക്കുന്നത്.