തിരുവല്ല: വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിൽ അധികൃതർ കാണിക്കുന്ന അനാസ്ഥയ്ക്കെതിരേ വ്യാപക പ്രതിഷേധം. കുറ്റൂർ വില്ലേജ് ഓഫീസർക്കെതിരേയാണ് പരാതി ഉയരുന്നത്.
കുറ്റൂർ പഞ്ചായത്തിലെ ഒന്പതാം വാർഡിൽ വൃന്ദാവനം കോളനി നിവാസികളാണ് പരാതിക്കാർ. ഇവിടെ അന്പതിൽപരം വീടുകളിൽ മുപ്പതിലും ആൾതാമസമുണ്ട്. വില്ലേജ് ഓഫീസ് അധികൃതർ പരാതികൾ സ്വീകരിക്കുകയോ നടപടികൾ സ്വീകരിക്കുകയോ ചെയ്യുന്നില്ല എന്നാണ് ആരോപണം.
ഞായറാഴ്ചയുണ്ടായ കനത്ത മഴയിൽ വെള്ളപ്പൊക്ക ഭീഷണിയുണ്ടെന്ന് വില്ലേജിൽ വിളിച്ചു പറഞ്ഞപ്പോൾ വെള്ളം പൊങ്ങാൻ സാധ്യതയുണ്ടെങ്കിൽ കുറൂർ ഗവൺമെന്റ് എൽപി സ്കൂളിൽ ക്യാന്പ് തുറന്നിട്ടുണ്ട് എന്ന് അറിയിച്ചു.
വെള്ളം മൂലം ബുദ്ധിമുട്ടുള്ള കുടുംബങ്ങൾ ക്യാന്പിൽ എത്തണമെന്നും അറിയിച്ചു. ഇന്നലെ രാവിലെ മൂന്ന് കുടുംബങ്ങൾ ക്യാന്പിൽ എത്തിയിരുന്നു.
ബാക്കിയുള്ളവർ വീട്ടുപകരണങ്ങളും മറ്റ് സാധനങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി ക്യാന്പിലെത്താൻ തയാറെടുക്കുന്പോൾ വില്ലേജ് ഓഫീസറും മറ്റ് ഉദ്യോഗസ്ഥരും കോളനിക്കടുത്തുള്ള റോഡിൽ ഓട്ടോയിൽ എത്തുകയും അവിടെ നിന്നശേഷം നിജസ്ഥിതി മനസിലാക്കാതെ വെള്ളം കയറിയിട്ടില്ലെന്ന് പറഞ്ഞ് മടങ്ങിപ്പോവുകയും ചെയ്തു.
പഞ്ചായത്തംഗം സിന്ദുലാലിനെ വിവരം അറിയിച്ചതിനെ തുടർന്ന് മെംബർ കോളനിയിലെ വെള്ളം കയറിയ വീടുകൾ സന്ദർശിക്കുകയും വില്ലേജ് അധികൃതരുടെ വിവരം ധരിപ്പിക്കുകയും ചെയ്തു.
മറ്റുസ്ഥലങ്ങളിൽ അഭയം തേടിയവരെ ഒഴിവാക്കി ബാക്കി പത്ത് കുടുംബങ്ങൾക്ക് ആഹാര വസ്തുക്കളും മറ്റു സൗകര്യങ്ങളും മെംബർ ഒരുക്കിനൽകി. ഇവിടെ 15 പുരുഷന്മാരും 17 സ്ത്രീകളും മൂന്നുകുട്ടികളുമായി 35 പേരാണുള്ളത്. അതിൽ അറുപതിനു മുകളിൽ പ്രായമുള്ള ഏഴു പേരുണ്ട്.