തിരുവനന്തപുരം: ശനിയാഴ്ച രാത്രി ആരംഭിച്ച കനത്ത മഴയെത്തുടർന്ന് വെള്ളത്തിലായ തിരുവനന്തപുരം ജില്ലയ്ക്ക് ആശ്വാസമായി വെള്ളം ഇറങ്ങിത്തുടങ്ങി. പ്രളയസമാനമായിരുന്നു തലസ്ഥാനത്ത് ഇന്നലത്തെ അവസ്ഥ.
ജില്ലയുടെ തെക്കൻ മേഖലകളിലാണ് ദുരിതപ്പെയ്ത്ത് നാശം വിതച്ചത്. ഇന്നലെ രാത്രി മുതൽ മഴ കുറഞ്ഞതോടെ പല ഭാഗത്തും വെള്ളം ഇറങ്ങിത്തുടങ്ങി.
ഇന്നലെ കരകവിഞ്ഞ് ഒഴുകിയ പാർവതി പുത്തനാറിൽ ഇന്ന് ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ഇന്ന് രാവിലെ തലസ്ഥാന നഗരത്തിൽ മഴ മാറി നിൽക്കുകയാണ്.
പക്ഷെ തിരുവനന്തപുരം ജില്ലയിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത് വീണ്ടും ആശങ്ക ഉയർത്തുന്നുണ്ട്.
ഇന്നലത്തെ ദുരിതപ്പെയ്ത്തിനെത്തുടർന്ന് 21 ദുരിതാശ്വാസ ക്യാന്പുകളാണ് ജില്ലയിൽ തുറന്നത്. അതേസമയം കഴക്കൂട്ടം, വെള്ളായണി, കുറ്റിച്ചൽ ഭാഗങ്ങളിൽ പലയിടത്തും ഇപ്പോഴും വെള്ളം ഇറങ്ങിയിട്ടില്ല.
ഒക്ടോബർ 1 മുതൽ 15 വരെ തിരുവനന്തപുരം ജില്ലയിൽ ലഭിച്ചത് 158 ശതമാനം അധികമഴയാണ്. പത്തനംതിട്ടയിൽ 101 ശതമാനം അധികം മഴയാണ് ഇക്കാലയളവിനുള്ളിൽ ലഭിച്ചത്. തിരുവനന്തപുരത്ത് 333.9 മില്ലിമീറ്ററും പത്തനംതിട്ടയിൽ 356 മില്ലിമീറ്ററും മഴയാണ് കിട്ടിയത്.
കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ക്വാറി, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചതായി കളക്ടര്‍ അറിയിച്ചു.
ബീച്ചുകളില്‍ വിനോദ സഞ്ചാരത്തിനും നിരോധനം ഏര്‍പ്പെടുത്തി. കടലോര-കായലോര-മലയോര മേഖലകളിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതത്തിനും നിരോധനം ഏര്‍പ്പെടുത്തി.
അറബിക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി നാളെയോടെ ന്യൂനമർദമായി ശക്തിപ്രാപിക്കും. വരുന്ന അഞ്ച് ദിവസം കൂടി വ്യാപക മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിനന്റെ മുന്നറിയിപ്പ്. കരമന, നെയ്യാർ, വാമനപുരം നദികളിൽ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.