ആലപ്പുഴ: തുടർച്ചയായി പെയ്യുന്ന മഴയിൽ ജില്ലയിൽ വ്യാപക നാശം. കനത്ത മഴയോടൊപ്പം കൊടുങ്കാറ്റുകൂടിയായതോടെ ജില്ലയിലെ ജനജീവിതം സ്തംഭിച്ചു. കുട്ടനാട്, അന്പലപ്പുഴ, ചേർത്തല, കാർത്തികപ്പള്ളി താലൂക്കുകളിലാണ് ദുരിതങ്ങളേറെയും. വെള്ളക്കെട്ട് രൂക്ഷമായ ഇവിടെ ദുരിതാശ്വാസ ക്യാന്പുകൾ അടിയന്തിരമായി തുറക്കാനുള്ള നടപടികൾ റവന്യു വകുപ്പ് രാവിലെ ആരംഭിച്ചിട്ടുണ്ട്.
കാറ്റിൽ മരങ്ങൾ കടപുഴകിവീണ് വ്യാപകമായി വൈദ്യുതി ബന്ധവും നിലച്ചു. പുറക്കാട് മുതൽ ചേർത്തല വരെയുള്ള ദേശീയ പാതയിൽ നിരവധിയിടങ്ങളിലാണ് ഇന്നലെ മരങ്ങൾ വീണത്. മണിക്കൂറുകളോളം പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. ചേർത്തല റെയിൽവേ സ്റ്റേഷന് തെക്കുവശം ഇന്ന പുലർച്ചെ അഞ്ചിന് ഓടിക്കൊണ്ടിരുന്ന സ്കോർപ്പിയോ വാനിന് മുകളിലേക്ക് മരം മറിഞ്ഞുവീണു.
എയർപോട്ടിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ ഡ്രൈവർക്ക് പരിക്കുണ്ട്. മരം വീണതുമൂലം രണ്ടരമണിക്കൂറിലേറെ ഇവിടെ ഗതാഗതവും തടസപ്പെട്ടു. ഇന്നലെ ജില്ലയിൽ റെക്കോർഡ് മഴയാണ് ലഭിച്ചത്. 7.15 സെന്റിമീറ്റർ മഴയാണ് ലഭിച്ചത്. 76 വീടുകൾ ഇന്നലെ ഭാഗീകമായി തകർന്നു. കാർത്തികപ്പള്ളി താലൂക്കിലാണ് വീടുകളേറെയും തകർന്നത് 68 എണ്ണം.
താലൂക്കിൽ കഴിഞ്ഞ രാത്രിയുണ്ടായ കൊടുങ്കാറ്റിൽ വീടുകൾക്ക് മുകളിൽ മരങ്ങളും മറ്റും കടപുഴകി വീണാണ് അപകടങ്ങളിലേറെയും. വള്ളികുന്നം, തുറവൂർ, ചേർത്തല തുടങ്ങിയയിടങ്ങളിലും വീടുകൾക്ക് കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. തുടർച്ചയായി പെയ്യുന്ന മഴ രക്ഷാപ്രവർത്തനങ്ങൾക്കും തടസമായിരുന്നു. അന്പലപ്പുഴയിൽ കടൽക്ഷോഭവും ശക്തമാണ്. അന്പലപ്പുഴയിലെ ഒന്നാം വാർഡിലും വടക്ക് ഗ്രാമപഞ്ചായത്തിലെ 13 മുതൽ 17 വരെയുള്ള വാർഡുകളിലുമാണ് ദുരിതമേറെയും.
200 ലേറെവീടുകളാണ് ഇവിടെ വെള്ളത്തിലായിരിക്കുന്നത്. അഞ്ച് വീടുകൾ തകർച്ചാ ഭീഷണിയിലായതിനാൽ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. തുടർച്ചയായ മഴയിൽ ഗ്രാമപ്രദേശങ്ങളിലെ റോഡുകളെല്ലാം വെള്ളത്തിനടയിലാണ്. വെള്ളപ്പൊക്കം രൂക്ഷമായ പ്രദേശങ്ങളിൽ വീടുകളിൽ കുടുങ്ങിയ നിലയിലാണ് പലരും. ഏസി റോഡിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
ജലനിരപ്പുയർന്നതിനാൽ ജില്ലയിലെ മിക്ക ജങ്കാർ സർവീസുകളും നിർത്തിവച്ചിരിക്കുകയാണ്. കുട്ടനാട്ടിൽ രണ്ടാം കൃഷിയാരംഭിച്ച പാടശേഖരങ്ങളിൽ പലതും മടവീഴ്ചാ ഭീഷണിയിലുമാണ്. കൈനകരി കൃഷി ഭവൻ പരിധിയിലെ ആറുപങ്കിൽ ഇന്നലെ അർധരാത്രിയോടെ മടവീണു. മട സംരക്ഷിക്കുന്നതിനായി രാപ്പകൽ അധ്വാനിക്കുകയാണ് കർഷകർ. ശക്തമായ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ആലപ്പുഴ നഗരത്തിലെ ഉയർന്ന പ്രദേശങ്ങളിലടക്കം വെള്ളം കയറിയിട്ടുണ്ട്.
നൂറുകണക്കിന് വീടുകൾ ദിവസങ്ങളിലായി വെള്ളക്കെട്ടിലാണ്. കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റിൽ നഗരത്തിൽ മരം വീണ് വൈദ്യുതി ബന്ധം നിലച്ചിരുന്നു. നിരവധി സ്ഥലങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകൾ ഒടിയുകയും ചെയ്തിരുന്നു. പലയിടങ്ങളിലും മണിക്കൂറുകൾക്ക് ശേഷമാണ് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായത്.
കെഎസ്ഇബി ഉദ്യോഗസ്ഥർ അറ്റകുറ്റപണികൾ നടത്തുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ പലയിടങ്ങളിലും വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുകയായിരുന്നു. പൊട്ടിവീണ വൈദ്യുതി കന്പിയിൽ നിന്നും ഷോക്കേറ്റ് ഇന്നലെ മത്സ്യത്തൊഴിലാളി മരിച്ചിരുന്നു. തൈക്കാട്ടുശേരി സ്വദേശി സുഭ്ദ്രയാണ് അപകടത്തിൽ മരിച്ചത്.
അടിയന്തര സഹായമെത്തിക്കാൻ നടപടി വേണമെന്ന് രമേശ് ചെന്നിത്തല
ഹരിപ്പാട്: മഴയും വെള്ളപ്പൊക്കവും കാരണം ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തിര സഹായം എത്തിക്കാൻ സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട്ടെ വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന പ്രദേശങ്ങൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർത്തികപ്പള്ളി താലൂക്കിലെ താഴ്ന്ന പ്രദേശങ്ങൾ എല്ലാം തന്നെ വെള്ളത്തിലാണ്. കൃഷി നാശം കർഷകരെയും, കടലിൽപോകാൻ കഴിയാത്തത് മത്സ്യതൊഴിലാളികളെയും ദുരിതത്തിലാഴ്ത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.