ഇരിങ്ങാലക്കുട: കാലവർഷ ദുരിതാശ്വാസം ക്യാന്പുകളിൽ താമസിക്കാത്ത ദുരിതബാധിതർക്കും നൽകണമെന്ന ആവശ്യം ശക്തമാകുന്നു. കാലവർഷകെടുതിയിൽപ്പെട്ട് ദുരിതാശ്വാസ ക്യാന്പിൽ താമസിച്ച കുടുംബത്തിനു ആയിരം രൂപ സഹായം നൽകാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഇതിനായി വില്ലേജ് ഓഫീസുകളിൽ അപേക്ഷകരുടെ വൻ തിരക്കാണ്.
എന്നാൽ സഹായധനം ക്യാന്പിൽ താമസിച്ചവർക്കു മാത്രം നൽകിയാൽ മതിയെന്ന സർക്കാർ നിബന്ധന വില്ലേജ് ഓഫീസർമാരെ പ്രതിസന്ധിയിലാക്കുന്നു. ഇക്കാരത്താൽ നിരവധി അപേക്ഷകളിൽ നടപടിയെടുക്കാനാകാതെ കുഴങ്ങുകയാണ് ഉദ്യോഗസ്ഥർ. ദുരിതാശ്വാസ ക്യാന്പിൽ താമസിക്കാതെ വെള്ളപ്പൊക്കത്താൽ വീടുവിട്ട് ബന്ധുവീടുകളിലേക്കും മറ്റും താമസം മാറിയവരാണ് ഇപ്പോൾ സഹായത്തിനായി അപേക്ഷിക്കുന്നവരിലേറെയും.
ഇത്തരക്കാരുടെ അപേക്ഷയിൽ നടപടിയെടുക്കാൻ നിലവിൽ നിർദേശമൊന്നുമില്ലെന്ന് വില്ലേജ് ഓഫീസർമാർ പറഞ്ഞു. സർക്കാർ സഹായം പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ അപേക്ഷകൾ രജിസ്റ്റർ ചെയ്ത് സൂക്ഷിക്കുന്നുണ്ടെന്നും ആവശ്യമെങ്കിൽ റിപ്പോർട്ടു നൽകാൻ തയാറാണെന്നും അവർ പറഞ്ഞു. കാലവർഷത്താൽ ദുരിതത്തിലായ മുഴുവൻ കുടുംബങ്ങളും ക്യാന്പിലെത്തിയിരുന്നില്ലെന്നും എന്നാൽ ഇവർ ബന്ധുവീടുകളിലേക്കും മറ്റും താമസം മാറിയിരുന്നതായും വില്ലേജ് ഓഫീസർമാർ പറയുന്നു.
തൊഴിലുപകരണങ്ങളും ജീവിതമാർഗങ്ങളും നഷ്ടപ്പെട്ട നിരവധിപേർ ഇക്കൂട്ടത്തിലുണ്ടെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. ഇതിനായി തിരിച്ചറിയൽ രേഖകളും റേഷൻകാർഡും ബാങ്ക് പാസ്ബുക്കും ഉൾപ്പടെ രേഖകളുടെ പകർപ്പും അപേക്ഷകർ ഹാജരാക്കുന്നുണ്ട്. ദുരിതാശ്വാസക്യാന്പിൽ താമസിച്ച കുടുംബങ്ങളെന്ന നിബന്ധന ഒഴിവാക്കി വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന മുഴുവൻ കുടുംബങ്ങൾക്കും ധനസഹായവും സൗജന്യ റേഷനും അനുവദിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.