കോട്ടയം: ജില്ലയിൽ വീണ്ടും മഴ ശക്തമായതോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ മുതൽ കനത്ത മഴ തുടരുന്നതിനാലാണു ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിൽ വീണ്ടും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജില്ലാ കളക്ടർക്കു മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
ഞായറാഴ്ച വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജില്ലയിൽ താലൂക്ക് കണ്ട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കും. വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഉണ്ടാകാനിടയുള്ള താലൂക്കുകളിൽ ദുരിതാശ്വാസ ക്യാന്പുകൾ സജ്ജമാക്കാൻ ജില്ലാ കളക്ടർ ഡോ.ബി.എസ് തിരുമേനി റവന്യു അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
പുഴകളിലും, ചാലുകളിലും, വെള്ളക്കെട്ടിലും ഇറങ്ങരുത്. മരങ്ങൾക്ക് താഴെ വാഹനം പാർക്ക് ചെയ്യരുത്. കുട്ടികൾ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നത് ഒഴിവാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. അടിയന്തിര ഘട്ടങ്ങളിൽ ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്ററുമായി (1077) ബന്ധപ്പെടണം.
ജില്ലയിൽ ആരംഭിച്ചിരുന്ന ദുരിതാശ്വാസ ക്യാന്പുകൾ കഴിഞ്ഞ ദിവസമാണു പിരിച്ചുവിട്ടത്. നിലവിൽ കൈപ്പുഴ എസ്കെവി എൽപി സ്കൂളിൽ മാത്രമാണ് ഇപ്പോൾ ക്യാന്പ് പ്രവർത്തിക്കുന്നത്. ഒരു കുടുംബത്തിലെ നാലു പേരാണു ക്യാന്പിൽ കഴിയുന്നത്.
പടിഞ്ഞാറൻ മേഖലയിൽ ജലനിരപ്പ് വീണ്ടും ഉയർന്നു
മഴ ശക്തമായതോടെ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ജലനിരപ്പ് വീണ്ടും ഉയർന്നുതുടങ്ങി. മീനച്ചിലാറ്റിലൂടെയുള്ള വെള്ളംവരവും വർധിച്ചിരിക്കുകയാണ്. മഴ ശക്തമായി തുടരുന്നതിനാൽ രണ്ടാമതും വെള്ളപ്പൊക്കമുണ്ടാകുമെന്ന ഭീതിയിലാണ് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്ന ജനങ്ങൾ. ഇന്നലെയുണ്ടായ കാറ്റിലും മഴയിലും കുമരകത്ത് ഒരു വീടുകൂടി തകർന്നു.
കനത്ത മഴയിൽ ഗ്രാമീണ റോഡുകളിലെല്ലാം വെള്ളം കെട്ടി നിൽക്കുകയാണ്. പുരയിടങ്ങളിലും മഴവെള്ളം നിറഞ്ഞു. ദിവസങ്ങൾക്കു മുന്പാണ് വെള്ളപ്പൊക്കത്തിന്റെ ബുദ്ധിമുട്ടുകളിൽ നിന്നും പടിഞ്ഞാറൻ മേഖലയിലെ ജനങ്ങൾ സാധാരണ ജീവിതത്തിലേക്കു മടങ്ങിവന്നത്. വീണ്ടും ജലനിരപ്പ് ഉയർന്നു തുടങ്ങിയതോടെ പല കുടുംബങ്ങളും ആശങ്കയിലാണ്.
കോട്ടയം നഗരത്തിനു സമീപ പ്രദേശങ്ങളായ കുമ്മനം, മര്യാതുരുത്ത്, വേളൂർ, കാരാപ്പുഴ, തിരുവാർപ്പ്, പതിനാറിൽചിറ, പതിനഞ്ചിൽച്ചിറ, ഇല്ലിക്കൽ, കാഞ്ഞിരം, ചെങ്ങളം, ചുങ്കം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ജലനിരപ്പ് ഉയർന്നു തുടങ്ങിയിരിക്കുകയാണ്.