ആലപ്പുഴ: ഡിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ദുബായ് അജ്മാനിൽ അറസ്റ്റിലായ സംഭവം കെട്ടിച്ചമച്ച കേസാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാരാതിക്കാരനായ തൃശൂർ സ്വദേശി നാസിൽ അബ്ദുള്ളയ്ക്ക് പണം കൊടുക്കാനുണ്ടെന്ന് പറയുന്നത് നുണയാണ്.
20 കോടിയുടെ കണ്സ്ട്രക്ഷൻ നടന്നതായും കരുതുന്നില്ല. കേസ് സംബന്ധിച്ച് കൂടുതലൊന്നും തനിക്കറിയില്ല. തുഷാർ വെള്ളാപ്പള്ളിയുടെ മോചനം സംബന്ധിച്ച് തന്റെ ഭാഗത്തുനിന്നും ഒന്നും ചെയ്യാനാകില്ല. ഇത് കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണ്. ദുബായിലെ തുഷാറിന്റെ സുഹൃത്തുക്കളും സ്നേഹിതരും മോചനത്തിനായി ശ്രമിക്കുന്നുണ്ട്.
പത്തുകൊല്ലം മുന്പുള്ള കേസിന് സാധുതയില്ലെന്നും വെള്ളാപ്പള്ളി നടേശൻ രാഷ്ട്രദീപികയോട് പ്രതികരിച്ചു. ചെക്കുകേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വൈകുന്നേരമാണ് തുഷാർ വെള്ളാപ്പള്ളിയെ അജ്മാൻ പോലീസ് അറസ്റ്റ് ചെയ്തത്. അജ്മാനിൽ നേരത്തെ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതിയിലുണ്ടായിരുന്ന ബോയിംഗ് കണ്സ്ട്രഷൻസിന്റെ സബ് കോണ്ട്രാക്ടർമാരായിരുന്നു നാസിൽ അബ്ദുള്ളയുടെ കന്പനി.
എന്നാൽ 10 വർഷം മുന്പ് നഷ്ടത്തിലായ കന്പനി വെള്ളാപ്പള്ളി കൈമാറി. നാസിൽ അബ്ദുള്ളയ്ക്ക് കുറേ പണം നൽകാനുണ്ടായിരുന്നു ഇതിന് പകരം നൽകിയ ചെക്കിന്റെ പേരിലാണ് പരാതി. ചെക്ക് കേസ് സംസാരിച്ചു തീർക്കാനെന്നു പറഞ്ഞ് തുഷാറിനെ പരാതിക്കാർ കേരളത്തിൽ നിന്നും അജ്മാനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇതിന്റെ ചർച്ചയ്ക്കിടയിലായിരുന്നു അറസ്റ്റ്.
തുഷാർ വെള്ളാപ്പള്ളി ജയിലിൽ
ദുബായ്: അറസ്റ്റിലായ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ ജയിലിലടച്ചു. യുഎഇയിലെ അജ്മാനിലാണ് തുഷാർ അറസ്റ്റിലായത്. അജ്മാൻ ജയിലിലേക്കാണ് തുഷാറിനെ മാറ്റിയത്. ചെക്ക് കേസിലാണ് അറസ്റ്റ്.തൃശൂർ സ്വദേശി നാസിൽ അബ്ദുള്ളയുടെ പരാതിയിലാണ് നടപടി.
പത്തു വർഷം മുൻപ് നടന്ന സംഭവമാണ് ഇപ്പോൾ അറസ്റ്റിലേക്ക് നയിച്ചിരിക്കുന്നത്. ഒത്തുതീർപ്പിനെന്ന പേരിൽ അജ്മാനിലേക്ക് തുഷാറിനെ വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ്. ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്നാണ് കേസ്. പത്ത് മില്ല്യൺ യുഎഇ ദിർഹത്തിന്റെ വണ്ടിച്ചെക്ക് കേസിലാണ് തുഷാർ പിടിയിലായത്. ഏകദേശം 20 കോടി രൂപയുടെ വണ്ടിച്ചെക്കാണ് തുഷാർ നൽകിയത്.