തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനം അത്രയ്ക്ക് പോരെന്ന് എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രതിപക്ഷത്തിന്റെ കഴിവില്ലായ്മയാണ് ഈ സർക്കാരിന്റെ നേട്ടമെന്നും വെള്ളാപ്പള്ളി ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചു.
പ്രതിപക്ഷ നേതാവെന്ന നിലയിൽ വി.ഡി. സതീശന്റെ പ്രവർത്തനം പ്രതീക്ഷയ്ക്ക് ഉയരുന്നില്ല. ഒരു ചുക്കും ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ല. പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല മാന്യൻ ആയിരുന്നു. കിറ്റും പെൻഷനും കാരണമാണ് പിണറായി സർക്കാരിനെ വീണ്ടും ജനങ്ങൾ വിജയിപ്പിച്ചത്. എന്നാൽ ഇപ്പോൾ പെൻഷൻ കൊടുക്കാൻ പോലും സർക്കാരിന്റെ കൈയിൽ പണമില്ല.
മുഖ്യമന്ത്രിയുടെ മകളുടെ കന്പനിക്ക് കരിമണൽ കർത്തയുടെ കന്പനിയുമായി ഇടപാടുള്ള കാര്യം തനിക്കറിയാം. കർത്ത തന്നോട് പറഞ്ഞിട്ടുണ്ട്. കന്പ്യൂട്ടർ സേവനം നൽകുന്നുണ്ട് എന്നാണ് കർത്ത തന്നോട് പറഞ്ഞത്. മുഖ്യമന്ത്രിയുടെ മകൾ തെറ്റ് ചെയ്തിട്ടുണ്ടൊയെന്നത് അന്വേഷണത്തിലൂടെ പുറത്ത് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.