കോഴിക്കോട്: മലപ്പുറം ജില്ലയ്ക്കെതിരേ കടുത്ത ഭാഷയിൽ അധിക്ഷേപങ്ങൾ നടത്തിയ വെള്ളാപ്പള്ളി നടേശനെ അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് കണ്ടത് ഐഎൻഎൽ നേതാക്കളാണെന്ന റിപ്പോർട്ട് വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി.
മൂന്ന് കൊല്ലം മുമ്പ് ഗുരുതരമായ അച്ചടക്ക ലംഘനത്തിന്റെ പേരിൽ പാർട്ടിയിൽനിന്ന് പുറത്താക്കിയവരാണ് വെള്ളാപ്പള്ളിയെ കണ്ടതെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണയുമായി നാഷനല് ലീഗ് നേതാക്കള് കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയത്.
സംസ്ഥാന പ്രസിഡന്റ് പ്രഫ. എ.പി. അബ്ദുൽ വഹാബ്, ഓര്ഗനൈസിംഗ് സെക്രട്ടറി എന്.കെ. അബ്ദുൽ അസീസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സെയ്ത് ഷബീല് ഹൈദ്രോസ് തങ്ങള്, വൈസ് പ്രസിഡന്റ് എച്ച്. മുഹമ്മദാലി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വെള്ളാപ്പള്ളിയുടെ നിലമ്പൂരിലെ പ്രസംഗം വിവാദമായ സാഹചര്യത്തിൽ സാമുദായിക ധ്രുവീകരണത്തിന് അത് കാരണമായേക്കുമെന്ന ആശങ്ക അദ്ദേഹത്തെ നേരിട്ട് അറിയിക്കുവാൻകൂടിയാണ് നാഷണൽ ലീഗ് ഭാരവാഹികൾ വെള്ളാപ്പള്ളിയെ വസതിയിൽ ചെന്നുകണ്ടതെന്ന് പ്രഫ. എ.പി. അബ്ദുൽ വഹാബ് പറഞ്ഞു.