കോട്ടയം: ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തിനെതിരേ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. അയ്യപ്പഭക്ത സംഗമ വേദിയിൽ കണ്ടത് സവർണ ഐക്യമാണെന്നും ഒരു പിന്നോക്കക്കാരനെയും തനിക്ക് കാണാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
അയ്യപ്പഭക്ത സംഗമം നടക്കുന്നുവെന്ന കാര്യം എസ്എൻഡിപി യോഗത്തെയും അറിയിച്ചിരുന്നു. മാതാ അമൃതാനന്ദമയി പങ്കെടുക്കുന്ന പരിപാടിയെന്നാണ് തങ്ങളോട് പറഞ്ഞത്. താൻ എത്തണമെന്ന് അവർ ആവശ്യപ്പെട്ടു. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉണ്ടെന്ന് അറിയിച്ചപ്പോൾ ഭാര്യയെ എങ്കിലും അയയ്ക്കണമെന്ന് പറഞ്ഞു.
അവർക്കും മറ്റ് തിരക്കുകൾ കാരണം പോകാൻ കഴിഞ്ഞില്ല. പോകാതിരുന്നത് മഹാഭാഗ്യമായെന്നും സവർണ വിഭാഗക്കാരുടെ ഐക്യമാണ് അയ്യപ്പഭക്ത സംഗമം എന്ന പേരിൽ നടത്തിയ പരിപാടിയുടെ വേദിയിൽ കണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.
ഭൂരിപക്ഷം വരുന്ന അവർണനെയും പട്ടികജാതിക്കാരനെയും ഈഴവനെയും തനിക്ക് പരിപാടിയിൽ കാണാൻ കഴിഞ്ഞില്ല. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള പരിപാടിയായിരുന്നു ഇത്. പൊതുജനം കഴുതയല്ലെന്നും അവർക്കിതെല്ലാം മനസിലാകുമെന്നും വെള്ളാപ്പള്ളി ഓർമിപ്പിച്ചു. ആധ്യാത്മികതയുടെ മറവിൽ രാഷ്ട്രീയ ലക്ഷ്യമാണ് ഉദ്ദേശിക്കുന്നതെന്ന് പി.എസ്.ശ്രീധരൻപിള്ള തന്നെ പറഞ്ഞതല്ലേ എന്നും അദ്ദേഹം ചോദിച്ചു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെ നേട്ടം കൊയ്തത് ബിജെപിയാണ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ഇത് നിലനിർത്താനാണ് അവർ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് വരെ എത്തുന്പോൾ ആരൊക്കെ ഇതിൽ നിന്നും കൊഴിഞ്ഞുപോകുമെന്ന് കണ്ടറിയാമെന്നും അദ്ദേഹം പറഞ്ഞു.
വനിതാ മതിൽ നല്ല ആശയമായിരുന്നു. എന്നാൽ പരിപാടിക്ക് പിറ്റേന്ന് യുവതികളെ ശബരിമലയിൽ കയറ്റിയതോടെ പരിപാടി പൊളിഞ്ഞുപോയി. ഈ നടപടി ശരിയായില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.