ശശി തരൂര് എംപിയ്ക്കെതിരേ കടുത്തഭാഷയിലുള്ള വിമര്ശനവുമായി എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
ശശി തരൂര് ഒരു പിന്നോക്ക വിരോധിയും ആനമണ്ടനുമാണെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചു.
താനുള്പ്പെടെയുള്ള ഒരു സമുദായ നേതാവിന്റെയും വാക്കുകേട്ടല്ല ജനങ്ങള് തിരുമാനം എടുക്കുന്നതെന്നും ഒരു ദളിത് നേതാവിനെ കോണ്ഗ്രസ് അധ്യക്ഷനാക്കാന് തിരുമാനിച്ചപ്പോള് അതിനെതിരെ നിന്ന തരൂര് കടുത്ത പിന്നോക്ക വിരോധിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഡല്ഹി നായരായിരുന്ന തരൂരിനെ അകറ്റി നിര്ത്തിയിരുന്ന എന്എസ്എസ് ജനറല് സെക്രട്ടറി ഒറ്റ ദിവസം കൊണ്ട് അദ്ദേഹത്തെ തറവാടി നായരും വിശ്വപൗരനുമാക്കി.
ഇത്രക്ക് പച്ചയായി ജാതി പറഞ്ഞിട്ടും അവിടെ വച്ച് അതിനെ എതിര്ക്കാനോ സുകുമാരന് നായരെ തിരുത്താനോ ശശി തരൂര് തെയ്യാറായില്ല. ഇതോടെ തരൂരിന്റെ രാഷ്ട്രീയ ഭാവി കേരളത്തില് അസ്തമിച്ചു.
കേരളത്തില് വന്നു വെറുതെ കൊതുകു കടി കൊണ്ട് മന്തുവരുമെന്ന് മാത്രമേയുള്ളു, അല്ലാത തരൂരിനെ പോലുള്ള ഇറക്കുമതി ചരക്കുകള് കേരളത്തില് ചിലവാകില്ലന്നും വെള്ളാപ്പളളി പറഞ്ഞു.
ബാല്യകാലം മുതല് കോണ്ഗ്രസിനായി പ്രവര്ത്തിക്കുന്ന നേതാക്കളെ വെട്ടാനാണ് തരൂര് ശ്രമിക്കുന്നത്.
കോണ്ഗ്രസില് മുഖ്യമന്ത്രിയാകാന് ശ്രമിക്കുന്നവരെല്ലാം ഒരു പ്രത്യേക സമുദായത്തില് പെട്ടവരാണ്. കൊടിക്കുന്നില് സുരേഷിനെ എന്ത് കൊണ്ട് കോണ്ഗ്രസ് പരിഗണിക്കുന്നില്ലെന്നും വെള്ളാപ്പള്ളി ചോദിച്ചു.