ആലപ്പുഴ: എൻഎസ്എസിനെ രൂക്ഷമായി വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഒരു ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പോപ്പാണ് താനെന്നാണ് ചിലരുടെ ധാരണ. കാലം മാറിയത് എൻഎസ്എസ് തിരിച്ചറിയുന്നില്ല. എൻഎസ്എസിന്റെ പല നിലപാടുകളും വിവരക്കേടുകളാണ്.
അഹങ്കാരത്തിന് കൈയും കാലും വച്ച് നടക്കുകയാണ് ഇവർ. എന്നാൽ ഞാൻ ഒരു നിലപാടെടുത്താൽ അതിൽ നിന്നും മാറില്ല. നുണ പ്രചരണങ്ങൾക്ക് ആശയങ്ങളെ തകർക്കാനാകില്ല. മതിലിൽ കേരളത്തിനുടനീളം എസ്എൻഡിപിയുടെ പങ്കാളിത്തമുണ്ടാകും. മതിലിൽ പങ്കെടുക്കാതെ മാറി നിൽക്കുന്നവരെ ജനം കാർക്കിച്ചുതുപ്പും.
ആചാരസംരക്ഷണമല്ല, ക്ഷേത്രങ്ങളിലെ അധികാര സംരക്ഷണമാണ് ചിലർ നടത്തുന്നത്. ശബരിമല വിഷയമാണ് ഇപ്പോൾ വനിതാ മതിലിന് നിമിത്തമായത്. എന്നാൽ ഈ വിഷയത്തിൽ സർക്കാർ നിസഹായരാണ്. വനിതാ മതിലിന്റെ പ്രസക്തി വർധിച്ചിരിക്കുകയാണ്.
ലോകം കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഒന്നായിരിക്കുമിത്. ഇന്നും പിന്നോക്ക വിഭാഗകാർക്ക് അന്പലത്തിൽ കയറാൻ കഴിയുന്നില്ല. പല അവകാശങ്ങളും അവർക്ക് നഷ്ടമായി. അന്പലങ്ങളെ ചിലർ സ്വകാര്യ സ്വത്തുക്കളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.