മങ്കൊന്പ്: ശബരിമല സമര വിഷയത്തിൽ എൻഎസ്എസിനെയും മറ്റു ചില സമുദായങ്ങളെയും പരോക്ഷമായി വിമർശിച്ചു വെള്ളാപ്പള്ളി നടേശൻ. സമരം മൂന്നുപേർക്കു വേണ്ടിയായിരുന്നുവെന്നാണ് കുട്ടനാട്ടിലെ മാന്പുഴക്കരിയിൽ നടന്ന ക്ഷേത്രസമർപ്പണച്ചടങ്ങിൽ വെള്ളാപ്പള്ളി നടേശൻ ആരോപണമുന്നയിച്ചത്.
ഒരു ചങ്ങനാശേരിക്കാരൻ, ഒരു തന്പുരാൻ, ഒരു തന്ത്രി എന്നിവരായിരുന്നു സമരത്തിന്റെ പിന്നിൽ. ഭൂരിപക്ഷ സമുദായ ഐക്യത്തിനു വേണ്ടിയായിരുന്നു സമരം. എസ്എൻഡിപിയോട് ആലോചിക്കാതെ ഏകപക്ഷീയമായ നിലപാടാണ് സ്വീകരിച്ചത്. സമരം കേരളത്തിനെ കലുഷിതമാക്കി.
സാന്പത്തിക സംവരണം നടപ്പാക്കാനായി ചങ്ങനാശേരിക്കാരൻ ഹർജി നൽകി. ഭൂനയ ബില്ലിലൂടെ ഈഴവരെല്ലാം ജന്മികളായി. നായരെല്ലാം നശിച്ചു പോയി. അതിനാൽ സംവരണം നടപ്പാകരുതെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ് സുപ്രീം കോടതിയെ സമീപിച്ചു.
ദേവസ്വം ബോർഡിന്റെയും റിക്രൂട്ട്മെന്റ് ബോർഡിന്റെയും ചെയർമാൻസ്ഥാനം ഒരു പ്രത്യേക വിഭാഗത്തിനു സംവരണം ചെയ്തിരിക്കുകയാണ്. ഉമ്മൻ ചാണ്ടി ഭരിച്ചപ്പോൾ രമേശ് ചെന്നിത്തലയ്ക്കു താക്കോൽ സ്ഥാനം നൽകിയതു ചങ്ങനാശേരിക്കാരന്റെ ഇടപെടലിനെത്തുടർന്നാണ്. ശബരിമലയിൽ നേർച്ചയിടരുതെന്ന് ഒരു അവർണനും പറഞ്ഞിട്ടില്ല. ഇതൊക്കെ ചിലരുടെ തന്ത്രമാണ്.
അന്പലങ്ങളിൽ സവർണാധിപത്യമാണ്. പിണറായി സർക്കാർ ശബരിമലയ്ക്കായി 800 കോടിയാണ് നൽകിയത്. കേരളത്തിൽ നവോത്ഥാനം നടപ്പാക്കിയതു ശ്രീനാരായണ ഗുരുവാണ്. സവർണർ ശബരിമല വിഷയത്തിൽ തനിക്കെതിരേ നവമാധ്യമങ്ങളിൽ ഉന്നയിച്ച ആക്ഷേപങ്ങൾ സമുദായാംഗങ്ങൾ മനസിലാക്കണം.
18 കൊല്ലം മുന്പ് എസ്എൻഡിപി, പിന്നോക്ക, പട്ടിക വിഭാഗങ്ങൾക്കു നിയമനം ലഭിക്കാനായി ദേവസ്വം ബോർഡിനെതിരേ സമരം ചെയ്തു. അന്ന് ഒരു സവർണന്റെയും രാഷ്ട്രീയക്കാരന്റെയും പിന്തുണയുണ്ടായിരുന്നില്ല. ഇന്ന് അഞ്ച് ദേവസ്വം ബോർഡുകളിലായി ജോലിചെയ്യുന്ന 20,000 ആളുകളിൽ 3.5 ശതമാനം ഈഴവർ മാത്രമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.