ചാത്തന്നൂർ: ചാതുർവർണ്യത്തിന്റെ ഉച്ചിഷ്ടങ്ങൾ ഇന്നും കേരളത്തിൽ നിലനിൽക്കുന്നതായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തഴുത്തല മഹാഗണപതി ക്ഷേത്രത്തിലെ അവിട്ടം തിരുനാൾ ഉൽസവത്തിന്റെ ഭാഗമായുള്ള മാനവികസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ക്ഷേത്രങ്ങളിൽ ശാന്തിക്കാരെ നിയമിക്കുന്നതിനുള്ള യോഗ്യത പോലും ജാതിയുടെ അടിസ്ഥാനത്തിലായി.
വോട്ട് ബാങ്കില്ലാത്തവരുടെ അവശതയും കഷ്ടപ്പാടും സർക്കാർ കാണുന്നില്ല. വിശ്വാസികൾക്ക് എവിടെയും പ്രവേശിക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യം നൽകണം. ജനസേവാ കേന്ദ്രങ്ങളായി ക്ഷേത്രങ്ങൾ മാറണമെന്നും അദ്ദേഹം പറഞ്ഞു. മാനവിക സമ്മേളനം ചുനക്കര രാമൻകുട്ടി ഉദ്ഘാടനം ചെയ്തു.
വി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബി.ബി.ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. കൊട്ടിയം എൻ.അജിത് കുമാർ, വി.പി.ഷുഹൈബ് മൗലവി, പ്രഫ.ലതിക, ബിജു ശിവദാസൻ, പുത്തൂർ രാജൻ, വിജയരാജു, തഴുത്തല എൻ.രാജു എന്നിവർ പ്രസംഗിച്ചു.