കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചെയർമാനായ നവോത്ഥാന സംരക്ഷണ സമിതിയുമായി സഹകരിക്കേണ്ടെന്നു തീരുമാനമെടുത്ത് കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷൻ. മുസ്ലീം സമുദായം സർക്കാരിൽനിന്ന് അനർഹമായി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നുവെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് വൈസ് ചെയർമാൻ ഡോ. ഹുസൈൻ മടവൂർ തത്സ്ഥാനം രാജിവച്ചതിനു പിന്നാലെ സമസ്ത മുഖപത്രം വെള്ളാപ്പള്ളിയെ രൂക്ഷമായി വിമർശിച്ച് മുഖപ്രസംഗമെഴുതുകയും ചെയ്തിരുന്നു.
കേരളത്തിലെ നവോത്ഥാന മൂല്യങ്ങൾ ഉൗട്ടിയുറപ്പിക്കാനായി മുഖ്യമന്ത്രി മുൻകൈയെടുത്ത് രൂപീകരിച്ച സമിതിയിലാണ് ഭിന്നത രൂക്ഷമായിരിക്കുന്നത്. സമിതിയുടെ അധ്യക്ഷ സ്ഥാനത്തിരുന്നു കൊണ്ട് വെള്ളാപ്പള്ളി നടേശൻ നടത്തുന്ന പ്രസ്താവനകൾ സാമുദായിക സൗഹാർദത്തെ തകർക്കുന്നതാണെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന സമിതി യോഗം വിലയിരുത്തി.
വസ്തുതാ വിരുദ്ധവും ജനങ്ങൾക്കിടയിൽ ഛിദ്രത വളർത്തുന്നതുമായ പ്രസ്താവനയാണ് നവോത്ഥാന സംരക്ഷണ സമിതി അധ്യക്ഷൻ വെള്ളാപ്പള്ളി നടേശൻ നടത്തുന്നതെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടക്കൽ അബ്ദുൽ അസീസ് മൗലവി വ്യക്തമാക്കി. വെള്ളാപ്പള്ളിയുടെ പ്രസ്താവന സംബന്ധിച്ച് സർക്കാർ മൗനം പാലിക്കുകയാണ്.
താത്ക്കാലിക നിയമനം എന്ന മറവിൽ യാതൊരുവിധ മാനദണ്ഡങ്ങളും ഇല്ലാതെ നടത്തുന്ന നിയമനങ്ങൾ കേരളത്തിലെ സംവരണ സംവിധാനത്തെ അട്ടിമറിക്കുകയാണെന്ന് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് പറഞ്ഞു.