ചേർത്തല: സിപിഎം സംസ്ഥാന സെക്രട്ടറിമാരില്‍ ഇപ്പോഴുള്ള എം.വി. ഗോവിന്ദനേക്കാളും കഴിവ് കോടിയേരി ബാലകൃഷ്ണനായിരുന്നുവെന്ന് എസ്എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
ഗുരുനാരായണ സേവാ നികേതൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ത്തലയില്‍ സംഘടിപ്പിച്ച ഗുരുനാരായണ ധർമസമന്വയ ശിബിരവും ഗുരുപൂർണിമാഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ സമുദായങ്ങളെയും ഒന്നിച്ചു കൊണ്ടുപോകാനുള്ള പ്രത്യേക കഴിവ് പാർട്ടി സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനുണ്ടായിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിയായതിന് ശേഷമാണ് ഗോവിന്ദന് എസ്എൻഡിപി യോഗത്തെയും ശ്രീനാരായണ പ്രസ്ഥാനങ്ങളെയും കടന്നാക്രമിക്കുന്നത്. എസ്എൻഡിപി യോഗം എന്താണെന്നും അതിന്റെ ശൈലി എന്താണെന്നും ഗോവിന്ദനറിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശക്തമായ ത്രികോണ മത്സരത്തിൽ യുഡിഎഫിന്റെ വോട്ടുകൾ എൻഡിഎ പിടിക്കുന്നതു കൊണ്ടാണ് എൽഡിഎഫിന് വിജയം ഉണ്ടാകുന്നത്. ഇതൊന്നും മനസിലാക്കാതെയാണ് ഇപ്പോൾ എം.വി. ഗോവിന്ദനുൾപ്പെടെയുള്ളവർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.