തൃശൂർ: കടുത്ത ചൂടിൽ കുളിരേകാൻ കൊടുങ്ങല്ലൂരിന്റെ നാടൻ പൊട്ടു വെള്ളരി തൃശൂർ നഗരത്തിലും തണുപ്പായി മാറുന്നു. തമിഴ്നാട്ടിൽനിന്നും കാർണാടകയിൽ നിന്നും എത്തുന്ന വിവിധയിനം തണ്ണിമത്തങ്ങയക്ക് താക്കീതയായി മാറിയിരിക്കുകയാണ് ഈ നാടൻ പൊട്ടുവെള്ളരി ജ്യൂസ്. ജില്ലയിൽ കൊടുങ്ങല്ലൂർ, പറവൂർ മേഖലയിലും എറണാകുളം ജില്ലയിലെ വരാപ്പുഴയിലും ഡിസംബർ മാസം മുതൽ മേയ് അവസാനം വരെ സുലഭമായി കണ്ടിരുന്ന പൊട്ടു വെള്ളരി നാളിതു വരെ തൃശൂരിൽ അത്ര വിൽപനയുണ്ടായിരുന്നില്ല.
എന്നാൽ ഇപ്പോൾ വേനൽകാലത്ത് ശരീരം തണുക്കാൻ അത്യുത്തമം ആയ പൊട്ടുവെള്ളരി ജ്യൂസ് തേടി നടക്കുന്നവരെയാണ് നഗരത്തിൽ കാണുന്നത്. ചൂട് കാലത്ത് മാത്രം സുലഭമായി ഉണ്ടാകുന്ന പൊട്ടുവെള്ളരി കിലോയ്ക്ക് 50 രുപയാണ് വില. ഒരു ഗ്ലാസ് ജ്യൂസിന് 25 മുതൽ 35 രുപ വരെയാണ് കച്ചവടക്കാർ ഈടാക്കുന്നത്.
തൃശൂർ ശക്തൻ ബസ് സ്റ്റാന്റിൽ പട്ടാളം മാർക്കറ്റിനു സമീപം പൊട്ടുവെള്ളരി വിൽപനയും ജ്യൂസുമായി എരുമപ്പെട്ടി സ്വദേശിയായ ബഷീർ പ്രത്യേക കൗണ്ടർ തന്നെ തുടങ്ങിയിരിക്കയാണ്. പൊട്ടുവെള്ളരി തേടി ധാരാളം വഴിയാത്രക്കാരാണ് ഇവിടെ എത്തുന്നതന്ന് ബഷീർ പറയുന്നു. മൂത്ത് പഴുത്ത വീണ്ടു കീറിയ വെള്ളരിയാണ് ജ്യൂസിനു വേണ്ടി ഉപയോഗിക്കുന്നത്.
വളരെ കട്ടി കുറഞ്ഞ തൊലി ചെത്തികളഞ്ഞ് വെളളം ചേർക്കാതെയാണ് ജ്യൂസ് തയ്യാറാക്കുന്നത്. ചിലർ ശർക്കരയും, പഞ്ചാസാരയും, തേങ്ങാപാലും ജ്യൂസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. വെളളം തീരെ ചേർക്കേണ്ട ആവശ്യം ഇല്ല. പഴുത്ത പൊട്ടുവെളളരി അധിക സമയം സൂക്ഷിക്കാൻ സാധിക്കാത്തതിനാൽ അധികം പഴക്കമില്ലാത്ത ജ്യൂസ് പൊതുജനങ്ങൾക്ക് ലഭിക്കുമെന്നുള്ള പ്രത്യേകതയുമുണ്ട്. ഇതിന്റെ കനം കുറഞ്ഞ കുരു മുഖത്ത് തേച്ച് പിടിപ്പിച്ചാൽ മുഖകാന്തിയും ഉണ്ടാകുമത്രേ.
കൊടുങ്ങല്ലുർ മേഖലയിൽ പൊട്ടുവെളളരി ക്യഷി വ്യാപകമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ തുടക്കം മാസങ്ങൾക്ക് മുന്പ് മന്ത്രി വി. എസ്. സുനിൽകുമാർ കൊടുങ്ങല്ലൂരിൽ ഉദ്ഘാടനം ചെയ്തിരുന്നു. മലയാളികളുടെ തണ്ണിമത്തനായി മാറിയിരിക്കുന്ന ഈ നാടൻ ജ്യൂസിന് ആവശ്യക്കാർ കൂടി വരികയാണ.് ശരീരത്തിന് തണപ്പ് മാത്രമല്ല വിവിധ ഒൗഷധ ഗുണങ്ങളും രാസവസതുക്കൾ ചേർക്കാത്ത പൊട്ടുവെള്ളരിയ്ക്കുണ്ടെന്ന് വിദഗ്ധർ പറയുന്നു.