കൊടകര: പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂർ പാടത്തെ കർഷകർ വെള്ളരികൃഷിയുടെ തിരക്കിലാണ്. വേനലിൽ ജില്ലയിലെ പച്ചക്കറി കടകളിലെത്തുന്ന വെള്ളരിക്കായ്കൾ ഭൂരിഭാഗവും പന്തല്ലൂർ പാടത്ത് വിളയുന്നതാണ്.
മകരകൊയത്തുകഴിഞ്ഞതോടെ പന്തല്ലൂർപാടത്തെ കർഷകർ വെള്ളരി വിളയിക്കുന്ന തിരക്കിലായി കഴിഞ്ഞു. മൂന്നുപതിറ്റാണ്ടോളമായി ഈ പാടത്ത് വേനൽവിളയായി വെള്ളരി കൃഷിചെയ്യുന്ന കർഷകർ ഇക്കൊല്ലം മികച്ച വിലകിട്ടുമെന്ന പ്രതീക്ഷയിലാണ്.
പന്തല്ലൂരിലെ അറുപതേക്കറോളം വരുന്ന പാടത്താണ് കർഷകർ വെള്ളരി കൃഷി ചെയ്തിട്ടുള്ളത്. കൃഷിക്കാവശ്യമായ വിത്ത് തലേ വർഷത്തെ വിളവെടുപ്പു കാലത്ത് തന്നെ ഇവർ സംഭരിച്ചുവെക്കും. കൊയ്ത്ത് കഴിഞ്ഞാൽ ഉടൻ വെള്ളരികൃഷിക്കുള്ള ഒരുക്കം തുടങ്ങും.
മണ്ണിളക്കി നിലമൊരുക്കി കഴിഞ്ഞാൽ വെള്ളരിവിത്തുകൾ നടും. ഇവ മുളയെടുക്കുന്നതോടെ ചാണകപ്പൊടി വളമായി ചേർക്കും. പിന്നീട് മുടങ്ങാതെ ജലസേചനവും വളപ്രയോഗവും അടക്കമുള്ള പരിചരണം നൽകിയാണ് വെള്ളരിവള്ളികൾ വളർത്തിയെടുക്കുന്നത്. ഒരു മാസത്തിനകം പൂവിട്ട് കായ്കൾ ഉണ്ടായിത്തുടങ്ങും.
മാർച്ച് ആരംഭത്തോടെ വിളവെടുപ്പ് ആരംഭിക്കുമെങ്കിലും മാർച്ച് അവസാനം മുതൽ ഏപ്രിൽ പകുതിവരെയുള്ള വിഷുക്കാലത്താണ് കൂടുതൽ ഉൽപ്പാദനം ലഭിക്കുന്നത്. കഴിഞ്ഞ വർഷം തുടക്കത്തിൽ മികച്ച വില കിട്ടിയെങ്കിലും വേനൽമഴയിൽ പാടത്ത് വെള്ളം മുങ്ങി വെള്ളരിച്ചടികൾ നശിച്ചുപോയത് കർഷകർക്ക് കനത്ത നഷ്ടമാണ് സൃഷ്ടിച്ചത്.
രാസവളവും കീടനാശിനിയും ഉപയോഗിക്കാതെ തികച്ചും ജൈവ രീതിയിലാണ് ഇവിടെ വെള്ളരി വിളയിക്കുന്നത്. സീസണായാൽ ദിനംപ്രതി രണ്ടുടണ്ണോളം വെള്ളരിക്കായ്കൾ പന്തല്ലൂർ പാടത്ത് നിന്ന് തൃശൂർ ചന്തയിലെത്താറുണ്ട്.
ഇരിങ്ങാലക്കുട ചന്തയിലേക്കും ഇവിടെ നിന്നുള്ള വെള്ളരിക്ക വിൽപ്പനക്കെത്തിക്കാറുണ്ട്. മഴപെയ്താൽ പെട്ടെന്ന് വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശമായതിനാൽ വേനൽമഴ പന്തല്ലൂർപാടത്തെ കർഷകർക്ക് പേടിസ്വപ്നമാണ്.
വിഷുവിന് മുന്പ് വേനൽമഴ കനത്തുപെയ്തില്ലെങ്കിൽ വെള്ളരി കൃഷിയിലൂടെ ഇത്തവണയും കൈനിറയെ കൈനീട്ടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പന്തല്ലൂർപാടത്തെ വെള്ളരികൃഷിക്കാർ.