ഹരിപ്പാട്: ശക്തമായ ഒഴുക്കിൽ അകപ്പെട്ട അമ്മയെ മകൻ രക്ഷപ്പെടുത്തി. വീയപുരം രണ്ടാം വാർഡിൽ കറുകത്തകിടിയിൽ ഷാനവാസിന്റെ ഭാര്യ സൗദാമോൾ( 40) ആണ് കഴിഞ്ഞദിവസം രാത്രി ഒന്പതിന് ഒഴുക്കിൽപ്പെട്ടത്. കട അടച്ച് വീട്ടിലേക്ക് വരവെ മെയിൻ റോഡിനുംവീടിനും ഇടയിലുള്ള ഓടയിൽനിന്ന് താഴേക്ക് വീഴുകയായിരുന്നു.
വെള്ളപ്പൊക്കത്താൽ കുത്തൊഴുക്ക് ശക്തമായിരുന്നു. ഓടയ്ക്ക് കുറുകെയുള്ള സ്ലാബിൽ കാൽവഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു. ഒഴുക്കിൽപ്പെട്ട് നദിതീരംവരെയെത്തിയ അമ്മയെമകൻ കുഞ്ഞിപ്പ(18)തോട്ടിൽചാടി രക്ഷപ്പെടുത്തി. ഈ സമയത്ത് പ്രദേശം വൈദ്യുതിയില്ലാത്തതിനാൽ ഇരുട്ടിലായിരുന്നു. കൈയിലുണ്ടായിരുന്ന ടോർച്ചിന്റെ നേരിയ പ്രകാശത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.