4,800 പച്ചക്കറി സാമ്പിളുകള്‍ പരിശോധിച്ചതില്‍ വിപണിയിലെത്തുന്ന 26 പച്ചക്കറി ഇനങ്ങളില്‍ മാത്രമാണ് വിഷാംശമില്ലാത്തതെന്ന് കാര്‍ഷിക സര്‍വകലാശാലയുടെ പരിശോധനാ റിപ്പോര്‍ട്ട്. തുടര്‍ച്ചയായി നാലു വര്‍ഷം വെള്ളായണി കാര്‍ഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലബോറട്ടിയില്‍ പരീക്ഷിച്ച ശേഷമാണ് സര്‍വകലാശാല റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കാര്‍ഷിക സര്‍വകലാശാലയുടെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലാബ് മേധാവി ഡോ. തോമസ് ബിജു മാത്യുസ് ആണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്.
ഏറ്റവും കൂടുതല്‍ വിഷാംശം കണ്ടെത്തിയത് പുതിന ഇലയിലാണ്. പരിശോധനയ്ക്കായി എടുത്ത പുതിന സാംപിളുകളില്‍ 62 % വിഷാംശമാണ് കണ്ടെത്തിയിരിക്കുന്നത്. പയറാണ് രണ്ടാം സ്ഥാനത്ത്. 45 % ആണ് വിഷത്തിന്റെ അളവ്. കീടനാശിനി 100 കോടിയുടെ ഒരു അംശം വരെ അളക്കുന്ന ഗ്യാസ് ക്രൊമറ്റോഗ്രാഫ്, ലിക്വിഡ് ക്രൊറ്റോഗ്രാഫ്, മാസ് സ്‌പെക്രോമീറ്റര്‍ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു പരിശോധന. 2013 ല്‍ ആരംഭിച്ച പരിശോധന 2017 ലാണ് അവസാനിച്ചത്.
പുതിന ഇല- വിഷാംശം 62% , പയര്‍- 45 % , കാപ്‌സിക്കം- 42% , മല്ലിയില- 26%, കാപ്‌സിക്കം (ചുവപ്പ്)- 25% , ബജിമുളക്- 20% , ബീറ്റ് റൂട്ട്- 18% , കാബേജ്- 18%, കറിവേപ്പില- 17%, പച്ചമുളക്- 16% , കോളിഫ്‌ലവര്‍- 16% , കാരറ്റ്- 15% , സാമ്പാര്‍മുളക്- 13% , ചുവപ്പ് ചീര- 12% , അമരയ്ക്ക- 12%. എന്നിങ്ങനെയാണ് വിശാംശത്തിന്റെ കണക്ക്. കുമ്പളം , മത്തന്‍ , പച്ചമാങ്ങ , ചൗചൗ , പീച്ചങ്ങ, ബ്രോക്കോളി , കാച്ചില്‍ , ചേന, ഗ്രീന്‍ പീസ് , ഉരുളക്കിഴങ്ങ് , സവാള , ബുഷ് ബീന്‍സ് , മധുരക്കിഴങ്ങ് , വാഴക്കൂമ്പ് , മരച്ചീനി , ശീമചക്ക , കൂര്‍ക്ക , ലറ്റിയൂസ് , ചതുരപ്പയര്‍ , നേന്ത്രന്‍ , സുക്കിനി , ടര്‍ണിപ്പ് , ലീക്ക് , ഉള്ളിപ്പൂവ് , ചൈനീസ് കാബേജ് എന്നിവയാണ് അധികം വിഷം കണ്ടെത്താത്ത പച്ചക്കറികള്‍.