ചിറ്റൂർ: സ്കൂളിൽ അതിഥിയായി എത്തിയ മൂങ്ങക്കുഞ്ഞ് വിദ്യാർഥികൾക്കും അധ്യാപകർക്കും കൗതുക കാഴ്ചയായി. ചിറ്റൂർ ഗവണ്മെന്റ് യുപി സ്കൂളിൽ സ്ഥാപിച്ച കൂട്ടിലേക്കാണ് ക്ഷണിക്കപ്പെടാതെ ഈ അതിഥിയെത്തി താമസം തുടങ്ങിയത്.
സ്കൂൾ മതിലിലും കെട്ടിടത്തിന്റെ വിടവുകളിലുമായി തന്പടിച്ചിരുന്ന പ്രാവുകൾക്കായി രണ്ടുദിവസം മുന്പ് പ്രധാനാധ്യാപകൻ കെ.രാജാമണിയും പിടിഎ പ്രസിഡന്റുമായ അബ്ദുൾ ഖനിയും ചേർന്നു കൂടൊരുക്കിയിരുന്നു. ഇന്നലെ സ്കൂളിലെത്തിയ വിദ്യാർഥികളാണ് കൂട്ടിൽ മൂങ്ങക്കുഞ്ഞിനെ കണ്ടെത്തിയത്.
വലിപ്പം കൂടുന്നതോടെ മൂങ്ങയുടെ ചിറകുകൾക്കു വെള്ളിനിറമാകുമെന്നാണ് പക്ഷിനിരീക്ഷകരുടെ വിലയിരുത്തൽ. പ്രാവുകൾ കൂട്ടിൽ കയറാതായതോടെ മൂങ്ങയെ മറ്റൊരു കൂടൊരുക്കി സംരക്ഷിക്കാനാണ് പ്രധാനാധ്യാപകന്റെയും മറ്റും തീരുമാനം.