വടക്കഞ്ചേരി: തെങ്ങുകളിലെ വെള്ളീച്ച രോഗം വ്യാപകമായതോടെ നാളികേര ഉല്പാദനത്തിൽ വൻ ഇടിവ്. തെങ്ങുകളുടെ ആരോഗ്യം ക്ഷയിക്കുന്നതിനൊപ്പമാണ് ഉൽപ്പാദനത്തിലും കുറവുണ്ടാകുന്നത്. തെങ്ങോലകൾക്ക് അടിയിലാണ് ഇവ കൂടുകെട്ടി കഴിയുന്നത്.ഇതിനാൽ മഴയോ വെയിലോ ഏൽക്കില്ല.
തെങ്ങോലകളുടെ മുകൾ ഭാഗത്ത് കരിപ്പോലെ കറുത്ത നിറങ്ങളും ഉണ്ടാകുന്നതായി കർഷകർ പറയുന്നു. പൊടിപ്പോലെയുള്ള ഈ ഫംഗസുകൾ തോട്ടത്തിലെ വാഴ തുടങ്ങിയ ഇടവിള കളിലും നിറയും. ഓരോ പ്രദേശങ്ങളിലും വ്യത്യസ്തമായ രോഗലക്ഷണങ്ങളും രോഗങ്ങളുമാണ് കാണപ്പെടുന്നത്.
സമുദ്രനിരപ്പിൽ നിന്നും ആയിരത്തിലേറെ അടി ഉയരമുള്ള പാലക്കുഴിയിൽ കാറ്റു വീഴ്ചക്ക് സമാനമായ രോഗവ്യാപനംമൂലം കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മാത്രം രണ്ടായിരത്തോളം തെങ്ങുകൾ നശിച്ചിട്ടുണ്ടെന്നാണ് കണക്ക്. രോഗവ്യാപനത്തെക്കുറിച്ച് പഠിക്കാൻ കായംകുളത്തെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ നിന്നും കൃക്ഷി ശാസ്ത്രജ്ഞരുടെ പ്രത്യേകസംഘം കഴിഞ്ഞ മാസം പാലക്കുഴിയിൽ എത്തി പ്രാഥമിക പരിശോധന നടത്തിയെങ്കിലും രോഗകാരണം എന്താണെന്ന് വ്യക്തമായി ചുണ്ടിക്കാണിക്കാൻ അവർക്കായില്ല.
എല്ലാ തോട്ടങ്ങളിലേയും മണ്ണ് പരിശോധിച്ച് മാത്രമെ അന്തിമ നിഗമനത്തിലെത്താനാകു എന്ന നിലപാടിലായിരുന്നു ശാസ്ത്ര സംഘവും. ഇത് കേര കർഷകരുടെ പ്രതീക്ഷകൾക്കും മങ്ങലേൽപ്പിക്കുന്നതായി. മണ്ണിൽ ആവശ്യമായ മൂലകങ്ങളുടെ കുറവു രോഗകാരണമെന്ന കണ്ടെത്തുകളുമുണ്ട്. കാറ്റു വീഴ്ചക്കൊപ്പം കൂന്പ് ചീയൽ, ചെന്നീരൊലിപ്പ്, കൊന്പൻ ചെല്ലി ആക്രമണം ,മണ്ഡരി തുടങ്ങി പതിവ് രോഗങ്ങളും തെങ്ങിന് വേട്ടയാടുന്നുണ്ട്.
വെള്ളീച്ച രോഗം നല്ല മഴ പെയ്താൽ ഇല്ലാതാകുമെന്നാണ് കൃഷി വകുപ്പ് പറഞ്ഞിരുന്നത്. അങ്ങനെയെങ്കിൽ ഇക്കുറിയുണ്ടായ അതിവർഷത്തിനു ശേഷം ഇത്തരം രോഗം എവിടേയും കാണാൻ പാടില്ലായിരുന്നെന്നാണ് കർഷകർ പറയുന്നത്. രോഗകാരണങ്ങളെക്കുറിച്ചോ അതിനുള്ള പ്രതിവിധികളെക്കുറിച്ചോ വ്യക്തമായ നിർദ്ദേശം നൽകാൻ കൃഷി വകുപ്പിന്റെ പീനങ്ങൾക്ക് കഴിയുന്നില്ലെന്നതും കാർഷിക മേഖലയുടെ തളർച്ചക്ക് കാരണമാകുന്നുണ്ട്.