വടക്കഞ്ചേരി: കോവിഡ് വൈറസ് വ്യാപനം പോലെ തെങ്ങുകളിലെ വെളളീച്ച രോഗവ്യാപനം അതിവേഗം. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് മേഖലയിൽ മാത്രം കാൽ ലക്ഷത്തിൽപരം തെങ്ങുകൾക്ക് രോഗം ബാധിച്ചെന്നാണ് കണക്ക്.
നിയന്ത്രിക്കാനാകാത്ത വിധം രോഗം പടർന്നു പിടിക്കുന്പോഴും തക്ക പ്രതിവിധി കണ്ടെത്താനാകാതെ കൃഷിവകപ്പ് നിസ്സഹായാവസ്ഥയിലാകുന്നത് കേര കർഷകരെ ഏറെ ആശങ്കയിലാക്കുന്നുണ്ട്. ഏത് പ്രായത്തിലുള്ള തെങ്ങിലും രോഗം കാണപ്പെടുന്നതായി കർഷകർ പറയുന്നു.
വെളളീച്ച ആക്രമണത്തിന്റെ ആദ്യവർഷങ്ങളിൽ ഈ കീടബാധയെ കർഷകർ അത്ര കാര്യമാക്കിയിരുന്നില്ല. എന്നാൽ രണ്ട് മൂന്ന് വർഷമായി രോഗം ബാധിക്കുന്ന തെങ്ങുകളുടെ എണ്ണം പോലും എടുക്കാനാകാത്ത വിധം അതിവേഗതയിലാണ് രോഗം പടരുന്നത്.
ഇതുമൂലം നാളികേര ഉല്പാദനവും പകുതിയായി കുറഞ്ഞു.കൂന്പടപ്പ്, ചെന്പൻ ചെല്ലി ,കാറ്റു വീഴ്ച, മണ്ഡരി തുടങ്ങി കാലാകാലങ്ങളിലുണ്ടാകുന്ന രോഗങ്ങൾക്കു പുറമെ വെളളീച്ച എന്ന മാരക രോഗം കൂടിയായപ്പോൾ കർഷകർക്ക് സഹിക്കാനാകുന്നില്ല.
തെങ്ങോലകൾക്കടിയിൽ വെള്ള നിറത്തിലുള്ള പാടുകൾ പോലെയാണ് ഇത് കാണപ്പെട്ടുക.ഈ ഘട്ടമായാൽ ഓലയുടെ മുകൾ ഭാഗം കറുത്ത് കരി ഓയിൽ പൂശിയ പോലെയാകും.ഇത്തരം പട്ടകൾ വെട്ടി താഴെയിട്ടാൽ ഓലകളിൽ നിന്നും നൂറുകണക്കിന് വെള്ളീച്ചകൾ പറന്നുയരും.സമീപത്തെ മരങ്ങളിലും ചെടികളിലും വെളളീച്ച രോഗത്തിന്റെ വ്യാപനമുണ്ട്.
വെള്ളീച്ച രോഗം പിടിപ്പെട്ടാൽ മാസങ്ങൾക്കുള്ളിൽ തെങ്ങിന്റെ വളർച്ച കുറയുകയും പട്ടകൾ ചെറുതായി അതോടൊപ്പം നാളികേര ഉല്പാദനവും ഇല്ലാതാകും. മഴക്കാലത്ത് വെള്ളീച്ചബാധ താനേ ഇല്ലാതാകുമെന്നാണ് കൃഷി വകുപ്പ് പറഞ്ഞിരുന്നതെങ്കിലും അതുണ്ടായില്ല.
രണ്ട് പ്രളയം കഴിഞ്ഞപ്പോൾ രോഗം നിയന്ത്രിക്കാനാകാത്ത സ്ഥിതിയിലാവുകയാണ് ഉണ്ടായത്.പാലക്കുഴി പോലെയുള്ള മലന്പ്രദ്ദേശങ്ങളിൽ തെങ്ങുകൾക്കില്ലാത്ത രോഗങ്ങളില്ല. തീരദേശങ്ങളിൽ കാണപ്പെടുന്ന കാറ്റു വീഴ്ച പോലെയുള്ള രോഗംമൂലം തെങ്ങുകൾ പുർണ്ണമായും ഇല്ലാതാകുന്ന സ്ഥിതിയാണ്.
തെങ്ങുകൾ നശിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ കായംകുളത്തെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ നിന്നുള്ള കൃഷിശാസ്ത്രജ്ഞർ 2018 ഓഗസ്റ്റിൽ പാലക്കുഴിയിലെത്തി പരിശോധന നടത്തിയെങ്കിലും സംഘത്തിനും രോഗം തിരിച്ചറിഞ്ഞ് പ്രതിവിധി നിർദ്ദേശിക്കാൻ കഴിഞ്ഞില്ല.
കേട് വരുന്ന തെങ്ങ് വെട്ടിമാറ്റി നശിപ്പിക്കുക എന്ന കാലാഹരണപ്പെട്ട പ്രതിവിധിയല്ലാതെ മറ്റൊന്നും നിർദ്ദേശിക്കാൻ ശാസ്ത്ര സംഘത്തിനും കഴിയുന്നില്ല. വെള്ളീച്ച രോഗം തെങ്ങിനെ നശിപ്പിക്കുന്നതിനൊപ്പം പപ്പായ, പേര, കറിവേപ്പില തുടങ്ങിയവയിലും പടരുന്നുണ്ട്.