വെള്ളിക്കുളങ്ങര (തൃശൂർ): ജില്ലയിലെ ഗ്രാമീണമേഖലയിൽ ആധുനിക സൗകര്യങ്ങളോടെ പണികഴിപ്പിച്ച ആദ്യത്തെ സ്മാർട്ട് വില്ലേജ് ഓഫീസ് വെള്ളിക്കുളങ്ങരയിൽ ഉദ്ഘാടനത്തിനൊരുങ്ങുന്നു. മലയോരജനതയുടെ ചിരകാല പ്രതീക്ഷയായ പുതിയ വില്ലേജ് ഓഫീസ് കെട്ടിടം വൈകാതെ നാടിന് സമർപ്പിക്കും.
വെള്ളിക്കുളങ്ങരചൊക്കന റോഡരുകിൽ നേരത്തെ വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് പുതിയ സ്മാർട്ട് കെട്ടിടം പണിതിട്ടുള്ളത്. 40 ലക്ഷം രൂപയോളം ചെലവിൽ പണിതീർത്ത സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൽ പൊതുജനങ്ങൾക്കായി കാത്തിരിപ്പു കേന്ദ്രം, ശുചിമുറി, ഭിന്നശേഷിയുള്ളവർക്ക് പ്രത്യേകം സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുള്ളതായി വെള്ളിക്കുളങ്ങര വില്ലേജ് ഓഫീസ്പി.ഡി.ഷാജു പറഞ്ഞു.
സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റുന്ന 25 വില്ലേജ് ഓഫീസുകളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് വെള്ളിക്കുളങ്ങര വില്ലേജ് ഓഫീസ്. റവന്യുവകുപ്പ് അനുവദിച്ച പ്രത്യേക ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ഇതിന്റെ പണി പൂർത്തീകരിച്ചത്. കഴിഞ്ഞ ജനുവരിയിൽ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് തറക്കല്ലിട്ട കെട്ടിടത്തിന്റെ പണി വേഗത്തിൽ തന്നെ പൂർത്തിയാക്കി.
കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ആറുവർഷത്തിലേറെയായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വെള്ളിക്കുളങ്ങര വില്ലേജോഫീസ് ശാപമോക്ഷമാകും. 1986ൽ കോടശേരി വില്ലേജ് വിഭജിച്ച് വെള്ളിക്കുളങ്ങര വില്ലേജ് രൂപീകരിച്ചപ്പോൾ ഒളിന്പ്യൻ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് സംഭാവന ചെയ്ത സ്ഥലത്താണ് നേരത്തെ വെള്ളിക്കുളങ്ങര വില്ലേജ് ഓഫീസ്് പ്രവർത്തിച്ചിരുന്നത്.
കാലപ്പഴക്കം മൂലം ഈ കെട്ടിടം ഇടിഞ്ഞുവീഴാറായപ്പോൾ ജീവനക്കാരുടേയും പൊതുജനങ്ങളുടേയും സുരക്ഷ മുൻനിർത്തി ആറുവർഷം മുന്പ് ഓഫീസിന്റെ പ്രവർത്തനം വെള്ളിക്കുളങ്ങര ജംഗ്ഷനിലെ വാടകക്കെട്ടിടത്തിലേക്ക് മാറ്റി. എന്നാൽ പഴയ കെട്ടിടം പുനർനിർമിക്കാനുള്ള നടപടികൾ അനിശ്ചിതമായി നീണ്ടുപോയി.
സാമൂഹിക സംഘടനകളുടേയും ജനപ്രതിനധികളുടേയും മുറവിളികൾക്കൊടുവിൽ കഴിഞ്ഞ വർഷമാണ് വില്ലേജോഫീസ് പുനർനിർമാണത്തിന് നടപടിയുണ്ടായത്. നേരത്തെ റോഡരുകിൽ നിന്ന് പത്തടിയോളം താഴ്ചയിലാണ് പഴയ കെട്ടിടം ഉണ്ടായിരുന്നത്.
വയോധികരും ഭിന്നശേഷിക്കാരുമായവർക്ക് വില്ലേജോഫീസിലെത്താൻ ഇതു ബുദ്ധിമുട്ടുസൃഷ്ടിച്ചിരുന്ന സാഹചര്യം കണക്കിലെടുത്ത് കരിങ്കല്ലുപയോഗിച്ച് റോഡിനു സമം തറകെട്ടിപൊക്കിയാണ് 1200 ചതുരശ്ര അടി വിസ്തൃതിയുള്ള പുതിയ സ്മാർട്ട് വില്ലേജോഫീസ് പണിതിട്ടുള്ളത്.