പത്തനാപുരം: വേനലിൽ വെന്തുരുകുകയാണ് മലയോരനാട്. പത്തനാപുരം കുണ്ടയം കാരംമൂടിന് സമീപം ചൂടിന്റെ കാഠിന്യത്താൽ വെള്ളിമൂങ്ങ തളര്‍ന്നുവീണു.
കുഴവക്കാട് ഭാഗത്താണ് വെള്ളിമൂങ്ങയെ അവശനിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കാക്കകള്‍ ആക്രമിക്കുന്നത് കണ്ട പ്രദേശവാസികൾ മൂങ്ങയെ രക്ഷപ്പെടുത്തി വനപാലകർക്ക് കൈമാറി.
ഏകദേശം രണ്ട് വയസ് പ്രായം വരുന്ന വെളളിമൂങ്ങയുടെ ചുണ്ട് കാക്കകളുടെ ആക്രമണത്തിൽ പരിക്കേറ്റ നിലയിലായിരുന്നു. പത്തനാപുരം റേഞ്ച് ഓഫീസിലെത്തിച്ച വെളളിമൂങ്ങയെ വെറ്റിനറി വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.
പരിക്കുകള്‍ മാറുന്നതനുസരിച്ച് വനത്തിനുള്ളില്‍ തുറന്ന് വിടുമെന്ന് റേയ്ഞ്ച് ഓഫീസർ അനീഷ് പറഞ്ഞു.
കൂടാതെ വനത്തിനുളളിൽ കടുത്ത വേനലില്‍ മരങ്ങളും കുറ്റിക്കാടുകളും ഉണങ്ങി നശിക്കുകയും ജലാശയങ്ങള്‍ വറ്റിവരളുകയും ചെയ്തതോടെ കാട്ടാനകള്‍ അടക്കമുളള വന്യമൃഗങ്ങള്‍ തീറ്റയും വെള്ളവും തേടി വനാതിര്‍ത്തികളിലെ ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യുന്ന കാഴ്ചകളും ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ പതിവാണ്.