കൊല്ലങ്കോട്: അവശ നിലയിൽ കണ്ടെത്തിയ മൂന്നു വെള്ളിമൂങ്ങകളെ കരിപ്പോട്ടുനിന്നും വന്യ ജീവി സംരക്ഷകർ കണ്ടെത്തി കൊല്ലങ്കോട് വനം വകുപ്പ് ഓഫീസിലെത്തിച്ചു.
എലി, പെരുച്ചാഴി തുടങ്ങിയ ക്ഷുദ്ര ജീവികളെ നിയന്ത്രിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്ന കർഷകരുടെ മിത്രം എന്നറിയപ്പെടുന്ന വെള്ളിമൂങ്ങകളെ അവശനിലയിൽ കരിപ്പോട് ജങ്ക്ഷനുസമീപം ഇന്നലെ ഉച്ചയോടുകൂടി സഹ്യാദ്രി നേച്ചർ ക്ലബ് സെക്രട്ടറി രതീഷ് കരിപ്പോട് കണ്ടെത്തി
വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രോജക്ട് ഓഫീസർ എസ്. ഗുരുവായൂരപ്പനെ അറിയിക്കുകയായിരുന്നു. തുടർന്ന് വനം വകുപ്പിനെ അറിയിക്കുകയും പരിശോധനയിൽ അവയിലൊരെണ്ണത്തിന് പറക്കാൻ ബുദ്ധിമുട്ടുന്നതായി മനസ്സിലാക്കി.
മറ്റു രണ്ടെണ്ണം വഴിയോരത്ത് അവശ നിലയിലായിരുന്നു. മൂന്ന് പക്ഷികളെയും സുരക്ഷിതമായി പിടികൂടി കൊല്ലങ്കോട് വനം റേഞ്ച് ഓഫീസർ രാധാകൃഷണനെ ഏൽപ്പിച്ചു.
പക്ഷികളുടെ ആരോഗ്യ പരിപാലനം ഉറപ്പാക്കി അവ്യുടെ ആവാസ മേഖലയിൽ വിടുമെന്ന് വനം വകുപ്പ് വ്യക്തമാക്കി.