മൂവാറ്റുപുഴ: മുടവൂരിലെ വീട്ടിൽ വിരുന്നെത്തിയ വെള്ളിമൂങ്ങ വീട്ടുകാർക്കും നാട്ടുകാർക്കും കൗതുകമായി. മുടവൂർ മഠത്തിക്കുന്നേൽ ബിനു ജോണിന്റെ വീട്ടിലാണ് ഒരാഴ്ചയോളമായി വെള്ളിമൂങ്ങ പതിവായെത്തുന്നത്. രാവിലെ ആറരയോടെ വീട്ടിലെത്തി ബാൽക്കണിയിലെ ഫാനിൽ വിശ്രമിക്കുന്ന മൂങ്ങ സന്ധ്യമയങ്ങുന്നതോടെ പറന്ന് അകലുകയും ചെയ്യും.
അപ്രതീക്ഷിതമായി ഫാനിൽ മൂങ്ങയെ കണ്ടതോടെ വീട്ടുകാർക്ക് ആദ്യം ഭയമായിരുന്നെങ്കിലും പിന്നീട് മൂങ്ങയെക്കാണാൻ നാട്ടുകാരും മറ്റും എത്തിത്തുടങ്ങിയതോടെ കൗതുകമായി മാറി. മൂങ്ങ വീട്ടിലെത്തുന്ന കാര്യം വീട്ടുകാർ വനംവകുപ്പിനെ അറിയിച്ചിരുന്നു. ഇതിനിടയിൽ മൂങ്ങയെ ആക്രമിക്കാൻ കാക്കകളും മറ്റും വട്ടം കൂടിയതോടെ മൂങ്ങ പറന്നകന്നു.
ഇതിനു പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും മൂങ്ങയെ കണ്ടെത്താനാവാതെ മടങ്ങി. എന്നാൽ വെള്ളിമൂങ്ങ വീണ്ടും വരുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാർ.