പാലക്കാട്: കലയുടെ ചാരുതയുള്ള വെള്ളിനേഴിക്ക് ചന്തം ചാർത്തി വെള്ളിനേഴി കലാഗ്രാമം ഉദ്ഘാടനത്തിനൊരുങ്ങി. കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ കളരിയും നിരവധി കലാകാരന്മാരുടെ ജന്മഗ്രാമവുമായ വെള്ളിനേഴിക്ക് അഭിമാനമായി ഇനി സാംസ്കാരിക സമുച്ചയം ശിരസുയർത്തും. സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷത്തിന്ൈറ ഭാഗമായി വെള്ളിനേഴി ആസ്ഥാന മന്ദിരമായ സാംസ്ക്കാരിക സമുച്ചയം മാർച്ച് അഞ്ചിന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാടിന് സമർപ്പിക്കും.
ടൂറിസം വകുപ്പ് രണ്ട് കോടി ചെലവിലാണ് സമുച്ചയം നിർമിച്ചിരിക്കുന്നത്. 6870 ചതുരശ്ര അടി വിസ്തൃതിയിൽ രണ്ടു നിലകളിലായാണ് നിർമാണം. താഴത്തെ നിലയിൽ പൂമുഖം, മ്യൂസിയം, ലോബി, ലൈബ്രറി, പരിശീലന ഹാൾ, പഠന കളരി, ശുചിമുറി എന്നിവയ്ക്കുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ അന്തരിച്ച കലാകാരന്മാരുടെ സ്മാരകങ്ങളോട് കൂടിയ ഉദ്യാനവും പ്രവേശനകവാടവും കൂടി നിർമിക്കുന്നുണ്ട്.
ചുറ്റുമതിൽ, ഉദ്യാനം, ആംഫി തീയറ്റർ, ഇരിപ്പിടങ്ങൾ എന്നിവകൂടി ഒരുക്കാൻ പദ്ധതിയുണ്ട്. വെള്ളിനേഴി ഹൈസ്കൂൾ ഗ്രൗണ്ടിന് പടിഞ്ഞാറ് ഭാഗത്തായി വിദ്യാഭ്യാസ വകുപ്പ്, ടൂറിസം വകുപ്പിന് ഉപയോഗാനുമതി നൽകിയ 73 സെന്റിലാണ് സമുച്ചയത്തിന്റെ നിർമാണം. ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനാണ് സമുച്ചയത്തിന്റെ നിർമാണ ചുമതല.
പത്മഭൂഷണ്‍ കലാമണ്ഡലം രാമൻകുട്ടി നായർ, പത്മശ്രീ വാഴേങ്കട കുഞ്ചുനായർ, കീഴ്പ്പടം കുമാരൻ നായർ, കഥകളിക്ക് ആദ്യമായി കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരം നേടിയ വെള്ളിനേഴി നാണു നായർ എന്നീ കഥകളി ആചാര്യന്മാർ വെള്ളിനേഴിയിൽ നിന്നുള്ളവരാണ്.
നാടിന്റെ സാംസ്കാരിക പാരന്പര്യവും കലകളും സംരക്ഷിക്കാനും വളർത്താനുമുള്ള മികച്ച കലാകേന്ദ്രമായി പ്രവർത്തിക്കാൻ കഴിയുന്ന വിധമാണ് കലാഗ്രാമം ഒരുക്കുന്നതെന്ന് ടൂറിസം വകുപ്പ് അധികൃതർ അറിയിച്ചു.