നടന്റെ ഡേറ്റ് കിട്ടുമോ എന്നു സംശയിച്ചു നിൽക്കുന്ന സംവിധായകനോടു പ്രൊഡ്യൂസറെ വരെ തരാമെന്നു നടൻ വാഗ്ദാനം ചെയ്യുന്പോൾ സംവിധായകൻ എന്തു പറയാൻ!
വീട്ടിൽ സ്വകാര്യ പ്രാക്ട്രീസ് നടത്തുന്ന ചില ഡോക്ടർമാർ എഴുതി നൽകുന്ന പ്രിസ്ക്രിപ്ഷനിലെ മരുന്നുകൾ ചില മെഡിക്കൽ ഷോപ്പുകളിൽ മാത്രം കിട്ടുന്നതു പോലെയോ അല്ലെങ്കിൽ ആ ഡോക്ടർമാരുടെ വീടിനോടു ചേർന്നുള്ള അവരുടെതന്നെ മെഡിക്കൽ ഷോപ്പ് ബിസിനസ് പോലെയോ ആണ് മലയാള സിനിമയുടെ മുന്നോട്ടു പോക്കെന്ന് ഫീൽഡിലെ ഒരു നിർമാതാവ് മനസു തുറന്നു.
കറങ്ങുന്നതാണ് കറൻസിയെന്നു പറയാറില്ലേ, അതാണ് മലയാള സിനിമയുടെ സ്ഥിതി. ഇതിൽ മുടക്കുന്ന കറൻസി അങ്ങനെ കറങ്ങിക്കൊണ്ടിരിക്കും.
സ്വർണക്കള്ളക്കടത്തു കേസിൽ തൃശൂർ സ്വദേശി ഫൈസൽ ഫരീദ് എൻഐഎയുടെ നിരീക്ഷണത്തിലായി അധികം വൈകാതെ തന്നെ ഫൈസലിന്റെ സിനിമാബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു.
ഇതു സംബന്ധിച്ച് വിശദമായ വിവരങ്ങൾ ഇനിയും അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ലെങ്കിലും മോളിവുഡെന്ന മലയാള സിനിമ ഇൻഡസ്ട്രിയും ലോകത്തിന്റെ ഏതൊക്കെയോ ഭാഗങ്ങളിലിരുന്ന കള്ളപ്പണവും ഹവാലപണവും കൈകാര്യം ചെയ്യുന്ന അധോലോക മാഫിയകളും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന സൂചനകളിലേക്കു തന്നെയാണ് കഥകൾ ചെന്നെത്തുന്നത്.
കേരളത്തിലെ മലയാളികൾ മാത്രം കാണുന്ന സിനിമ എന്ന നിലയിൽനിന്നു ലോകമെങ്ങുമുള്ള മലയാളികൾ കാണുന്ന സിനിമ എന്ന നിലയിലേക്കുള്ള മലയാള സിനിമയുടെ വളർച്ചയാണ് ഈ അവിശുദ്ധ കൂട്ടുകെട്ടുകളെ വളർത്തിയതെന്നു വേണം കരുതാൻ.
കാരണം ഇത്രയും മാർക്കറ്റുള്ള ഒരു മേഖലയിൽ പണം നിക്ഷേപിക്കുകയെന്നാൽ അത് അത്തരക്കാരെ സംബന്ധിച്ച് ഏറെ സുരക്ഷിതമാണ്.
സിനിമ ഇപ്പോഴും ബ്ലാക്ക് ആൻഡ് വൈറ്റ് തന്നെ
പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയുടെ കാലം കഴിഞ്ഞു കളർ സിനിമ എത്തിയെങ്കിലും പണമിടപാടുകളുടെ കാര്യത്തിൽ സിനിമയിൽ ഇപ്പോഴും ബ്ലാക്ക് ആൻഡ് വൈറ്റ് മാറിയിട്ടില്ല. ബ്ലാക്ക് വൈറ്റാക്കുന്നതിനുള്ള ഏറ്റവും നല്ല സ്ഥലം വെള്ളിത്തിര തന്നെയാണ്.
കണക്കുകൾ കൊണ്ടുള്ള കളിയാണ് അവിടെ. ആയിരവും പതിനായിരവുമല്ല, ലക്ഷങ്ങളും കോടികളും മാത്രം. ദുബായിയിൽ ബിസിനസുകാരനായ ഒരു മലയാളി പ്രവാസിയുടെ കഥയിങ്ങനെ….
കൈയിൽ ആവശ്യത്തിലധികം പണം കുമിഞ്ഞുകൂടിയ ആളാണ് കക്ഷി. ഗൾഫിൽ നടന്ന ഒരു സ്റ്റാർ നൈറ്റിൽ വെച്ചാണ് ആൾ മലയാള സിനിമയിലെ ഒരു താരവുമായി അടുപ്പം സ്ഥാപിച്ചത്.
സിനിമ നടനാകണമെന്ന മോഹം നാട്ടിലെ അത്തിമരത്തിൽ വച്ചാണ് ഈ ബിസിനസുകാരൻ ജീവിതം കരുപ്പിടിപ്പിക്കാൻ മണലാരണ്യത്തിലേക്കു വിമാനം കയറിയത്.
പക്ഷേ, ബിസിനസു തഴച്ചുവളർന്നു ബ്ലാക്കും വൈറ്റുമായി പണം കുന്നുകൂടിയപ്പോൾ മറന്നുപോയ സിനിമാ മോഹം സ്റ്റാർ നൈറ്റിൽ താരങ്ങളെ കണ്ടപ്പോഴാണ് വീണ്ടും ഉണർന്നത്.
എൻട്രി എങ്ങനെയും
അഭിനയമോഹം നടപ്പില്ലെന്നു മനസിലായ ആൾ എങ്ങനെ സിനിമയിൽ എൻട്രി കിട്ടുമെന്നു താരത്തോടു ചോദിച്ചു. പണം മുടക്കാൻ തയാറാണോ എന്നായിരുന്നു താരത്തിന്റെ മറു ചോദ്യം. എത്ര വേണമെങ്കിലും എന്നു പ്രവാസി വ്യവസായി.
നാട്ടിലെത്തിയാൽ ഉടൻ വിവരമറിയിക്കാമെന്ന് ഉറപ്പു നൽകി താരം മടങ്ങി. നാട്ടിലെത്തിയ താരം പ്രവാസിയെ വിളിച്ചുവരുത്തി പടം ചെയ്യാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ചിത്രം സാന്പത്തികമായി പൊളിഞ്ഞെങ്കിലും നിർമാതാവായതിന്റെ സന്തോഷത്തോടെ കക്ഷി വീണ്ടും ദുബായിക്കു മടങ്ങി.
ഇത്തരത്തിൽ ഒരു വിദേശ യാത്ര കഴിഞ്ഞു വരുന്പോൾ മലയാള സിനിമയിലേക്ക് ഒരു പുതിയ നിർമാതാവിനെ കൂടി കൂട്ടിക്കൊണ്ടുവരുന്ന താരങ്ങളും മോളിവുഡിലുണ്ട്.
കൃത്യമായ കണക്കും കാര്യങ്ങളുമൊക്കെയായി മുന്നോട്ടുപോകുന്ന വ്യവസായമാണ് മലയാള സിനിമയെന്നു പറയാമെങ്കിലും അതിനെയെല്ലാം മറികടന്നു കോടികളിറക്കാനും കോടികളുണ്ടാക്കാനും കഴിവുള്ളവർ കൂടി മേയുന്ന ഇടമാണ് മോളിവുഡ്.
അതെക്കുറിച്ച് നാളെ…