ദുബായ് സീൻ
ദുബായിയിലെ ഒരു ബാറിലാണ് ഈ സീൻ. നുരഞ്ഞു പൊങ്ങുന്ന മദ്യത്തിനു മുന്നിൽ ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രൊഡ്യൂസർ. താൻ നിർമിച്ച സിനിമ സൂപ്പർ ഹിറ്റായതിന്റെ ആഘോഷമല്ല.
നിർമിച്ച പടം നിർമാതാവിനു പോലും മുഴുവൻ കണ്ടിരിക്കാൻ സഹിക്കാത്ത സംഭവമായിരുന്നു. പ്രേക്ഷകർ ഇന്റർവെല്ലിനു മുന്പേതന്നെ തീയറ്ററിൽനിന്ന് ഇറങ്ങി രക്ഷപ്പെട്ട സിനിമയുടെ നിർമാതാവാണ് കക്ഷി. പക്ഷേ, ആൾ ഹാപ്പിയാണ്.
മലയാളത്തിലെ വന്പൻ സംവിധായകനായിരുന്നു ഈ നിർമാതാവിന്റെ ചിത്രം സംവിധാനം ചെയ്തത്. മലയാളത്തിലെ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായിരുന്നു നായകൻ. നിർമാതാവിനു പക്ഷേ, പടം പൊളിഞ്ഞുപോയതിന്റെ യാതൊരു വിഷമവുമില്ല. സാധാരണഗതിയിൽ തകർന്നു തരിപ്പണമാകേണ്ട ആ നിർമാതാവ് അടുത്ത പടം നിർമിക്കാനുള്ള ഒരുക്കത്തിലാണ്.
കഴിഞ്ഞ പടം നിർമിച്ചു കൈപൊള്ളിയില്ലേ ഇനി വേണോ എന്നു ചോദിച്ച എതിർ കസേരയിലെ ബാർമേറ്റിനോടു നിർമാതാവ് പറഞ്ഞത് ഇങ്ങനെ –
ആരു നിർമിച്ചു, ഞാനോ…എടോ എനിക്കൊരു ചില്ലി പൈസ ചെലവായിട്ടില്ല…പിന്നെനിക്ക് എന്തു നഷ്ടം… കാര്യം പിടികിട്ടാതെ തല പുകച്ച സുഹൃത്തിനോടു നിർമാതാവ് നിർമാണ രഹസ്യങ്ങൾ ആ അരണ്ട വെളിച്ചത്തിൽ നിരത്തി…
ഒരാടിനെ കൊന്നാൽ അതിന്റെ എല്ലാ ഭാഗവും ഉപയോഗിക്കാമെന്നു പറയുന്നതു പോലെയാണ് ഒരു സിനിമ നിർമാണം. സിനിമ നിർമാണം ഇന്നു നഷ്ടക്കച്ചവടം പറയുന്ന ഒന്നല്ല. അതൊരു വീതം വയ്പ്പാണ്. പൂടയും തൂവലും വരെ വിറ്റു കാശാക്കാം.
പൊളിഞ്ഞു പാളീസായ നിർമാതാക്കൾ ഇന്നു കുറവാണ് എന്നു പറയാം. മുടക്കുമുതൽ തിരിച്ചുപിടിക്കാൻ പല വഴികളും നിർമാതാവിന്റെ മുന്നിലും പിന്നിലുമുണ്ട്. കള്ളപ്പണമാണെങ്കിലും ഇറക്കിയാൽ അതു തിരിച്ചുകിട്ടുമെന്നുറപ്പ്. പടം തീയറ്ററിൽ പൊളിഞ്ഞാലും ആരും കണ്ടില്ലെങ്കിലും നിർമാതാവ് ചിരിക്കുന്ന സ്ഥിതിയാണിന്ന്.
മലയാള സിനിമ ഇന്നു പത്തോ പന്ത്രണ്ടോ എ ക്ലാസ് തീയറ്ററുകളിൽ മാത്രം റിലീസ് ചെയ്യുന്ന ചെറിയ സെറ്റപ്പിലല്ല. ചൈനയിലും അമേരിക്കയിലുമടക്കം ലോകമെന്പാടുമുള്ള ആയിരക്കണക്കിനു സ്ക്രീനുകളിൽ ഒരേ ദിവസം ഒരേ സമയം റിലീസ് ചെയ്യുന്ന വന്പൻ സെറ്റപ്പിലാണ് മോളിവുഡിലെ പല ചിത്രങ്ങളും ഇന്നുള്ളത്.
ഓവർസീസ് റിലീസ്
ഓവർസീസ് റിലീസ് പ്രൊഡ്യൂസർമാർക്കു സാന്പത്തികമായി വലിയ നേട്ടമാണ്. സൂപ്പർതാരത്തിന്റെ അല്ലെങ്കിൽ പോലും കേരളത്തിനകത്തും ഇന്ത്യക്ക് പുറത്തും ചിത്രങ്ങൾ പ്രദർശിപ്പിച്ച് നേട്ടം കൊയ്യാൻ ഓവർസീസ് റിലീസിനെടുക്കുന്നവർക്ക് നന്നായി അറിയാം. പല താരങ്ങൾക്കും അവരിടുന്ന റേറ്റ് വെവ്വേറെയാണ്.
കേരളത്തിൽ മുതൽമുടക്കി ചിത്രമെടുക്കുന്ന പ്രൊഡ്യൂസർക്ക് ആ പണത്തിന്റെ നല്ലൊരു ഭാഗം ഓവർസീസ് റിലീസ് വഴി തിരിച്ചു കിട്ടുമെന്നുറപ്പ്.അന്യഭാഷയിലെ ചാനലുകളും മോളിവുഡിലെ സിനിമകളെ നോക്കിയിരിപ്പുണ്ട്.
ആക്ഷൻ സിനിമകളോടാണ് അന്യഭാഷാ ചാനലുകൾക്കു പ്രിയം. അവർ നമ്മുടെ മലയാള സിനിമകളെ റീ ഡബ്ബ് ചെയ്ത് അന്യഭാഷാ ചാനലുകളിൽ പ്രദർശിപ്പിക്കും. അതുവഴിയും നമ്മുടെ നിർമാതാവിനു കിട്ടും നല്ലൊരു തുക. സാറ്റലൈറ്റ് റൈറ്റാണ് പ്രൊഡ്യൂസറുടെ മറ്റൊരു വരുമാന സ്രോതസ്.
ഒരു പടം പിടിച്ചാലോ
ദുബായിയിലെ ബാറിലെ അരണ്ട വെളിച്ചത്തിലിരുന്ന് ആ നിർമാതാവ് തന്റെ പുതിയ പ്രോജക്ട് പ്രഖ്യാപിച്ചു. ചിയേഴ്സ് പറഞ്ഞ് എതിർ കസേരയിലിരുന്ന കക്ഷി ചോദിച്ചു, ഞാനും ഒരു പടം പിടിച്ചാലോ…
കളിക്കാനറിയാതെ ഇറങ്ങിയാൽ പൊളിഞ്ഞുപാളീസാകുന്ന നിർമാതാവും എന്നോർക്കുക എന്ന ഉപദേശത്തോടെ പുതിയ നിർമാതാവിനെ ആശംസിച്ച് അവർ പിരിഞ്ഞു.
കള്ളപ്പണം വെളുപ്പിക്കാൻ കാണിക്കുന്ന കള്ളത്തരങ്ങളിലേക്കു ചില തീയറ്ററുകൾ പോലും കണ്ണികളാക്കപ്പെടുന്നുണ്ട്. അതേക്കുറിച്ചും മോളിവുഡിൽ പരക്കുന്ന അവിശുദ്ധ കൂട്ടുകെട്ടുകളെക്കുറിച്ചും നാളെ.
തയാറാക്കിയത്: ഋഷി