പാലക്കാട്: ഭാരതപ്പുഴയുടെ ദൃശ്യചാരുത പശ്ചാത്തലമാക്കി നിർമിച്ചിരിക്കുന്ന വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ ഇനി മുതൽ ഭിന്നശേഷി വിഭാഗക്കാർക്ക് കൂടി ഉല്ലസിക്കാം. പരുതൂർ ഗ്രാമ പഞ്ചായത്തിലെ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിലിന് കീഴിലുളള വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ ഭിന്നശേഷി വിഭാഗക്കാർക്ക് കൂടുതൽ സഞ്ചാര സൗകര്യം ഒരുക്കുന്നതിന്റെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.
പരസഹായമില്ലാതെ സഞ്ചരിക്കാൻ കഴിയാത്തവർക്കും നടക്കാൻ ബുദ്ധിമുട്ടുന്നവർക്കും വീൽചെയറിൽ സഞ്ചരിക്കാവുന്ന റാംപ് നിർമ്മിച്ചാണ് പാർക്കിനുള്ളിൽ ഡി.ടി.പി.സി അധികൃതർ സഞ്ചാര സൗകര്യം ഒരുക്കിയിരിക്കുന്നത് . പാർക്കിൽ ഭാരതപുഴയോട് ചേർന്ന് നിർമിച്ചിരിക്കുന്ന അല്പം താഴ്ന്ന ഭാഗത്തേക്കുള്ള പ്രദേശത്തേക്ക് എത്താനും അല്പനേരം തണുത്ത കാറ്റ് ആസ്വദിച്ചിരിക്കാനും ആനന്ദം കണ്ടെത്താനുമെല്ലാം ഇനി ഇവർക്കും സാധ്യമാകും.
മൂന്ന് റാംപുകളിൽ ഒന്നിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞതോടെ കേരളത്തിലെ തന്നെ മികച്ച ഭിന്നശേഷി സൗഹൃദ പാർക്കുകളിൽ ഒന്നാകും വെള്ളിയാങ്കല്ല് പൈതൃക പാർക്ക്. ബാരിയർ ഫ്രീ കേരള ടൂറിസം പദ്ധതിയിലൂടെ എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് ഭിന്നശേഷിക്കാർക്കായുള്ള നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു വീൽചെയർ, വോക്കിങ് സ്റ്റിക് തുടങ്ങിയവയും ഇവർക്ക് നൽകാനും പദ്ധതിയുണ്ട്.
ഇവ കൂടാതെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്കുള്ള കളിസ്ഥലവും ആകർഷകമായി രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഉൗഞ്ഞാൽ, സ്ലൈഡുകൾ, ക്ലൈന്പേഴ്സ് തുടങ്ങി നിരവധി കളി ഉപകരണങ്ങളും ഇവിടെയുണ്ട്. പാലക്കാടിന് പുറമെ തൃശൂർ, മലപ്പുറം തുടങ്ങിയ അയൽ ജില്ലകളിൽ നിന്നുള്ളവരാണ് പാർക്കിൽ എത്തുന്ന കൂടുതൽ സന്ദർശകരും.
കേരളാ ടൂറിസം വകുപ്പ് അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ച് ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ നടത്തിയ പാർക്കിന്റെ ഉദ്ഘാടനം 2015 ലാണ് നടന്നത്. പിന്നീട് രണ്ടു ഘട്ടങ്ങളിലായി 1 കോടി 40 ലക്ഷത്തിന്റെയും 33 ലക്ഷത്തിന്റെയും നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കി. കേരള ടൂറിസം വകുപ്പിന്റെ ഗ്രീൻ കാർപെറ്റ് പദ്ധതിയുടെ ഭാഗമായാണ് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനുള്ള ഫണ്ട് അനുവദിച്ചത്.
ഇതിലൂടെ രണ്ട് ഇടങ്ങളിലായി ടോയ്ലറ്റ് സൗകര്യവും മാലിന്യം നിക്ഷേപിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കുട്ടികൾക്കായുള്ള കളി ഉപകരണങ്ങൾ വാങ്ങാനും മറ്റുമായി തൃത്താല സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് 20 ലക്ഷം രൂപയും അനുവദിച്ചുനൽകി. ശുചിത്വ പൂർണമായ അന്തരീക്ഷവും തണൽ മരങ്ങളും അങ്ങിങ്ങായി നട്ടുപിടിപ്പിച്ച പൂച്ചെടികളുമെല്ലാം പാർക്കിന്റെ മനോഹാരിത വർധിപ്പിക്കുന്നുണ്ട്.
കൂടാതെ ചുറ്റുമതിൽ, പുഴയോട് ചേർന്ന ഭാഗത്ത് നിർമിച്ചിരിക്കുന്ന ഹാൻഡ് റെയിൽ, മതിലിനു ചുറ്റുമുള്ള ലൈറ്റ് എന്നിവ പാർക്കിനു സംരക്ഷണവും അലങ്കാരവും നൽകുന്നു. പാർക്കിനു അകത്തു തന്നെ നിർമാണം പൂർത്തിയായ ഭക്ഷണശാലയും ഉടൻ പ്രവർത്തനം ആരംഭിക്കും.
മുൻപ് പാർക്കിൽനിന്നും പുഴയിലേക്കിറങ്ങാനുള്ള സൗകര്യവും പ്രത്യേകം ഒരുക്കിയിരുന്നു. എന്നാൽ പ്രളയത്തിൽ ഇവിടെയുള്ള സുരക്ഷ സംവിധാനങ്ങൾക്ക് കേടുപാട് സംഭവിച്ചതോടെ ഈ ഭാഗം അടച്ചിട്ടിരിക്കുകയാണ്. ഇവയുടെ പുനർനിർമാണ പ്രവർത്തനങ്ങൾക്കായി ടൂറിസം വകുപ്പ് 43 ലക്ഷം അനുവദിച്ചിട്ടുണ്ട്. ഉടൻ തന്നെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
രാവിലെ 9. 30 മുതൽ വൈകീട്ട് 7.30 വരെയാണ് പാർക്കിന്റെ പ്രവർത്തനസമയം. ഇതുവരെ സൗജന്യ പ്രവേശനം അനുവദിച്ചിരുന്ന പാർക്കിൽ ഇനിമുതൽ ടിക്കറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം.
നൂതന സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള വെള്ളിയാങ്കല്ല് പൈതൃക പാർക്ക് കേരള ടൂറിസത്തിനു മുതൽക്കൂട്ടായി മാറുമെന്നാണ് പ്രതീക്ഷ.്