തലയോലപ്പറന്പ്: വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചതോടെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇരുന്നൂറോളം കുടുംബങ്ങൾ ഇരുട്ടിലായി. കെഎസ്ഇബിക്ക് വൈദ്യുതി ചാർജ് ഇനത്തിൽ കോടികൾ കുടിശികയായതോടെയാണ് വൈദ്യുതി ബന്ധം വിഛേദിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മുന്നോടെയാണ് കെഎസ്ഇബി വൈക്കം സബ് സ്റ്റേഷൻ അസിസ്റ്റന്റ് എൻജിനിയറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി വൈദ്യുതി വിച്ഛേദിച്ചത്.
കഴിഞ്ഞ ജൂലൈ 29-ന് വൈദ്യുതി വിച്ഛേദിക്കുമെന്ന് അറിയിച്ച് കന്പനിക്ക് കെഎസ്ഇബി കത്ത് നൽകിയിരുന്നു. എന്നാൽ തൊഴിലാളി സംഘടന നേതാക്കളുടെ ആവശ്യപ്രകാരം മുഖ്യമന്ത്രി ഇടപെട്ട് താത്ക്കാലികമായി നടപടി ഒഴിവാക്കിയിരുന്നു. പലതവണ വൈദ്യുതി കുടിശിക അടയ്ക്കാൻ കന്പനിക്ക് അധികൃതർ നോട്ടീസ് നൽകിയിട്ടും അടയ്ക്കാത്തതിനാലാണ് ഇന്നലെ ഉദ്യോഗസ്ഥരെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചത്.
ഇതോടെ കന്പനി ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇരുന്നൂറോളം കുടുംബങ്ങളും ഇരുട്ടിലായി. കന്പനിയുടെ സമീപ പ്രദേശങ്ങളിലെ നാട്ടുകാർക്ക് കുടിവെള്ളം പന്പ് ചെയ്യുന്നതും ഇതോടെ നിലച്ചു. ആശുപത്രി, എടിഎം കൗണ്ടർ, സൂപ്പർ മാർക്കറ്റ്, സഹകരണ ബാങ്ക്, ഭാവൻസ് സെൻട്രൽ സ്കൂൾ, പോസ്റ്റ്ഓഫീസ്, ടൗണ്ഷിപ്പിലെ വ്യാപാര സ്ഥാപനങ്ങൾ, മുടക്കാരിക്ഷേത്രം തുടങ്ങിയ ഇടങ്ങളിലെ വൈദ്യുതിയും ഇല്ലാതായി.
വെള്ളൂർ പോലീസ് സ്റ്റേഷനിൽ വൈദ്യുതി ലഭിച്ചിരുന്നത് കന്പനിയിൽ നിന്നായിരുന്നെങ്കിലും വൈദ്യുതി വിച്ഛേദിച്ചപ്പോൾ തന്നെ വൈദ്യുതി വകുപ്പ് അധികൃതർ പെരുവ സബ് ഡിവിഷനുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെ വൈദ്യുതി പുനഃസ്ഥാപിച്ചു. കഴിഞ്ഞ ഒരു വർഷമായി കന്പനിയുടെ പ്രവർത്തനം നിലച്ചതു മൂലം ജീവനക്കാർക്ക് ശന്പളം ലഭിക്കുന്നില്ല. വരുമാനം മുട്ടിയതോടെ അർധ പട്ടിണിയിലായ ജീവനക്കാർക്ക് വൈദ്യുതി ബന്ധംകൂടി നിലച്ചത് കനത്ത പ്രഹരമായി.