ആദിച്ചനല്ലൂർ: ആദിച്ചനല്ലൂർ പ്ലാക്കാട് കുളക്കുടിയിൽ വേലുക്കുട്ടിയുടെ മരണത്തോടെ വിടവാങ്ങിയത് നാടൻപാട്ടിനെയും കൊയ്ത്തുപാട്ടിനേയും ഉപാസിച്ച കലാകാരൻ.
പ്ലാക്കാട് ഗ്രാമത്തിൽ നാടൻപാട്ടും കൊയ്ത്തുപാട്ടും പ്രചരിപ്പിക്കുകയും പിന്നീട് നിരവധി പേരെ അത് പരിശീലിപ്പിക്കുകയ.ും ചെയ്തു. ആദിച്ചനല്ലൂർ മാന്പഴത്ത് ഓണാഘോഷത്തിന് വർഷങ്ങളായി വേലുക്കുട്ടിയുടെ നേതൃത്വത്തിലാണ് കൊയ്ത്ത്പാട്ടും നാടൻപാട്ടും സംഘടിപ്പിച്ചിരുന്നത്.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാടൻപാട്ട് സമിതിയും പ്രവർത്തിച്ചിരുന്നു. ക്ഷേത്രങ്ങൾ, ക്ലബുകൾ, സാംസ്കാരിക കേന്ദ്രങ്ങൾ, ലൈബ്രറികൾ എന്നിവിടങ്ങളിൽ വേലുക്കുട്ടിയുടെ നേതൃത്വത്തിൽ നാടൻപാട്ട് അവതരിപ്പിച്ചിട്ടുണ്ട്.
കുട്ടിക്കാലത്ത് തന്നെ വേലുക്കുട്ടി നാടൻപാട്ടും കൊയ്ത്ത്പാട്ടും വശമാക്കി. വീടിന് സമീപത്തെ ആദിച്ചനല്ലൂർ ഏലായിൽ കൊയ്ത്ത് നടക്കുന്പോൾ കാരണവന്മാർക്കൊപ്പം വേലുക്കുട്ടിയും നാടൻപാട്ട് പാടി. അത് പിന്നീട് ജീവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു.
നിരവധി പുരസ്കാരങ്ങളും വേലുക്കുട്ടിയെത്തേടി എത്തിയിട്ടുണ്ട്. നാടൻപാട്ട് കലാകാരന്മാർക്കുള്ള പെൻഷൻ ലഭിച്ചിരുന്നു. പേരക്കുട്ടികളായ കാർത്തിക്കും ഗോവിന്ദും നാടൻപാട്ട് കലാകാരന്മാരാണ്.
മുത്തച്ഛന്റെ ശിക്ഷണത്തിലാണ് അവർ സ്വന്തമായി സമിതി രൂപീകരിച്ച് വേദികളിൽ അവതരിപ്പിച്ചുവരുന്നത്. ജീവിതം മുഴുവൻ നാടൻപാട്ടിനേയും കൊയ്തതുപാട്ടിനേയും ഉപാസിച്ച ഈ കലാകാരന്റെ വേർപാട് നാടിനും ദുഃഖമായി മാറി.